ദമ്മാം: സൗദിയിലെ ഇന്ത്യൻ പ്രവാസ സമൂഹത്തിന് ഏറെ വേദനയുണ്ടാക്കിയ ചില സംഭവങ്ങളാണ് ചൊവ്വാഴ്ച രാത്രിയിൽ അരങ്ങേറിയത്. ദമ്മാമിൽ സെൻട്രൽ ആശുപത്രീയ്ക്ക് സമീപമുണ്ടായ കാറപകടത്തിൽ ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ വിദ്യാർത്ഥികളായ ഹസ്സൻ റിയാസ്, ഇബ്രാഹിം അസ്ഹർ എന്നിവർ മരണപ്പെട്ടു. ഇവരുടെ കൂടെ സഞ്ചരിച്ച മറ്റൊരു വിദ്യാർത്ഥി അമ്മാർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ കഴിയുകയാണ്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു കയറി തകരുകയായിരുന്നു. മൂന്നു കുട്ടികളും ഹൈദരാബാദ് സ്വദേശികളാണ്.

മറ്റൊരു സംഭവത്തിൽ, റിയാദിൽ പ്രവാസി സാമൂഹ്യപ്രവർത്തകനായ തൃശ്ശൂർ സ്വദേശി കറുപ്പംകുളം അഷ്റഫ് (43 വയസ്സ്) പാർക്കിൽ വെച്ച് മോഷണശ്രമം ചെറുക്കുന്നതിനിടെ കള്ളന്മാരുടെ കുത്തേറ്റു മരിക്കുകയുണ്ടായി.

പ്രവാസി സമൂഹത്തെ നടുക്കിയ ദുഃഖകരമായ ദുഃഖകരമായ ഈ സംഭവങ്ങളിൽ നവയുഗം സാംസ്കാരിക വേദി അനുശോചനം അറിയിച്ചു. മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേരുന്നതായും, കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക്‌ചേരുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളിയും, ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറയും അറിയിച്ചു.