- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി സന്നദ്ധ സംഘടനകളുടെ ഹജ്ജ് സേവനം ലോകത്തിന് മാതൃക: ഹജ്ജ് കമ്മിറ്റി ചെയർമാൻ
ജിദ്ദ: സഊദിയിലെ വിവിധ മലയാളി സന്നദ്ധ സംഘടനകൾ ഹാജിമാർക്ക് വേണ്ടി ചെയ്യുന്ന സേവന പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മാതൃക യാണെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി പറഞ്ഞു. സന്നദ്ധ സംഘടനകളുടെ ചിട്ടയായ പ്രവർത്തനങ്ങൾ ഹജ്ജ് പൂർണ്ണ വിജയത്തിൽ എത്തിക്കാൻ സഹായിച്ചു എന്ന് കേന്ദ്ര സർക്കാർ അഭിപ്രായപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു. ഹജ്ജ് സേവനം നടത്തിയ മുഴുവൻ മലയാളി സന്നദ്ധ സംഘടനകളെയും കേരള ഹജ്ജ് കമ്മിറ്റിക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സി. മുഹമ്മദ് ഫൈസി.
സഊദി സർക്കാർ ഹജ്ജ് തീർത്ഥാടകർക്ക് ഒരുക്കിയ സൗകര്യങ്ങൾ പ്രശംസിനീയമാണ്. കേന്ദ്ര സർക്കാരും കേരള സർക്കാരും ഹാജിമാരുടെ സുരക്ഷക്കും സേവനത്തിനുമായി ആവുന്നതെല്ലാം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നിന്ന് മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, കേരള, കശ്മീർ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ ഹജ്ജിന് എത്തുന്നത്. കേരളത്തിലെ മതപരമായ സാഹചര്യങ്ങളും ഗൾഫ് സ്വാധീനവുമാണ് ഹാജിമാരുടെ എണ്ണത്തിലുള്ള വർദ്ധനവിന് കാരണം. മൂന്ന് ഹജ്ജ് എംബാർകേഷൻ പോയിന്റുകളുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം കേരളം മാത്രമാണ്. ഇതിനു വേണ്ടി പ്രവർത്തിച്ച മുഴുവൻ ജന പ്രതിനിധികളെയും സംഘടനകളെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മഹറമില്ലാതെ സ്ത്രീകൾക്ക് ഹജ്ജിന് അവസരമൊരുക്കിയതിലൂടെ സഫ മർവയുടെയും സംസം വെള്ളത്തിന്റെയും ഹാജറ ബീവിയുടെയും ചരിത്രം കൂടുതൽ അനുസ്മരിക്കപ്പെടുകയും ഹജ്ജിൽ സ്ത്രീകൾക്കുള്ള പ്രാധാന്യം കൂടുതൽ പ്രസക്തമാവുകയും ചെയ്യുന്നു. വനിത തീർത്ഥാടകർക്കായി കരിപ്പൂർ ഹജ്ജ് ഹൗസിൽ നിർമ്മിച്ച ലേഡീസ് ബ്ലോക്ക് ശ്രദ്ധേയമാണ്. ഇത് മെച്ചപ്പെട്ട സേവനങ്ങൾ വനിത ഹാജിമാർക്ക് ലഭിക്കാൻ കാരണമാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
ജിദ്ദയിൽ വെച്ച് നടന്ന മീറ്റ് ദ പ്രസ്സ് പരിപാടിയിൽ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ആക്ടിങ് പ്രസിഡന്റ് ജാഫറലി പാലക്കോട്, ജനറൽ സെക്രട്ടറി സുൽഫീക്കർ ഒതായി എന്നിവരും പങ്കെടുത്തു.