റിയാദ്: പ്രയാസം അനുഭവിക്കുന്ന പ്രവാസികൾക്കും പ്രവാസി കുടുംബങ്ങൾക്കും ഏറെ ആശ്വാസം നൽകുന്ന സഊദി കെഎംസിസി നാഷണൽ കമ്മിറ്റിയുടെ കുടുംബ സുരക്ഷ പദ്ധതിയിൽ മണ്ഡലത്തിൽ നിന്നുള്ള മുഴുവൻ കെഎംസിസി പ്രവർത്തകരെയും അംഗങ്ങളാക്കി വിജയിപ്പിക്കാൻ റിയാദ് - കോട്ടക്കൽ മണ്ഡലം കെഎംസിസി യോഗം തീരുമാനിച്ചു. പദ്ധതി വിജയിപ്പിക്കാൻ മണ്ഡലം തലത്തിലും പഞ്ചായത്ത് - മുനിസിപ്പൽ തലത്തിലും കോർഡിനേറ്റർമാരെ യോഗം തെരഞ്ഞെടുത്തു. കുടുംബ സുരക്ഷ പദ്ധതിയുടെ അപേക്ഷാഫോറം വിതരണ ഉദ്ഘാടനം അബ്ദുൽ ഗഫൂറിന് അപേക്ഷാഫോറം നൽകി പ്രസിഡന്റ് മൊയ്ദീൻ കുട്ടി പൊന്മള നിർവഹിച്ചു.

കോട്ടക്കൽ മണ്ഡലം കെഎംസിസി നടത്തി വരുന്ന നോർക്ക ഐ ഡി കാർഡ് & പ്രവാസി പെൻഷൻ പദ്ധതി കാമ്പയിൻ വിജയമായിരുന്നുവെന്ന് യോഗം വിലയിരുത്തി. മുഴുവൻ കെഎംസിസി മെമ്പർമാർക്കും പ്രസ്തുത പദ്ധതികളിൽ അംഗമാവുന്നതിനു വേണ്ടി നോർക്ക ഐ ഡി - പ്രവാസി പെൻഷൻ ക്യാമ്പയിൻ ഒരു മാസം കൂടി തുടരാനും യോഗം തീരുമാനിച്ചു. ഇതിന്റെ കോർഡിനേറ്റർമാരായി പ്രവർത്തിച്ച നൗഷാദ് കുറ്റിപ്പുറം, ഇസ്മായിൽപൊന്മള എന്നിവരെ യോഗം അഭിനന്ദിച്ചു.

മലാസ്സിൽ വെച്ച് നടന്ന യോഗത്തിൽ കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രസിഡന്റ് മൊയ്ദീൻ കുട്ടി പൊന്മള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അബൂബക്കർ സി. കെ. പാറ ഉദ്ഘാടനം ചെയ്തു. മൊയ്ദീൻ കുട്ടി പൂവ്വാട്, ഷുഹൈബ് മന്നാനി കാർത്തല, ഇസ്മായിൽ, ജംഷീദ് കൊടുമുടി, കെ.കെ ഫൈസൽ തിണ്ടലം, ദിലൈബ് ചാപ്പനങ്ങാടി, മുഹമ്മദ് കല്ലിങ്ങൽ, ഫാറൂഖ് പൊന്മള, മുസ്തഫ കുറ്റിപ്പുറം, അബ്ദുൽ ഗഫൂർ കോൽകളം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

റിയാദ് - കോട്ടക്കൽ മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി അഷ്റഫ് പുറമണ്ണൂർ സ്വാഗതവും സെക്രട്ടറി ഫർഹാൻ കാടാമ്പുഴ നന്ദിയും പറഞ്ഞു.