മദീന: പുണ്യ മാസമായ റമദാൻ അടുത്തതോടെ മക്ക, മദീന ഹറമുകളിലേക്കുള്ള മലയാളി തീർത്ഥാടകരുടെ വരവ് വർധിച്ചു. മക്കയിലും മദീനയിലും മലയാളി തീർത്ഥാടകർ ഇപ്പോൾ നിരവധിയുണ്ട്. റമദാൻ ആഗതമാവുന്നതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ വരവ് ഇനിയും കൂടും.

കേരളത്തിൽ നിന്നുള്ള ഉംറ തീർത്ഥാടകർ ജിദ്ദ വഴിയാണ് വരുന്നത്. മദീനയിലേക്ക് കേരളത്തിൽ നിന്നും നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ മക്കയിൽ വന്ന് ഉംറ നിർവഹിച്ച ശേഷം റോഡ് മാർഗം മദീനയിലേക്ക് പോവുകയാണ് പതിവ്. മദീനയിലേക്ക് കേരളത്തിൽ നിന്നും നേരിട്ട് വിമാന സർവീസ് ആരംഭിച്ചാൽ മലയാളികൾക്ക് പ്രവാചക നാഗരിയായ മദീനയിൽ നേരിട്ട് വന്നിറങ്ങാൻ കഴിയും. നാട്ടിൽ നിന്നും മദീനയിൽ വന്നിറങ്ങുക എന്നത് ദീർഘ കാലമായി മലയാളി തീർത്ഥാടകരുടെ ആഗ്രഹവും ആവശ്യവുമാണ്. നിരവധി സംഘടനകൾ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ കൊച്ചിയിൽ നിന്ന് ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് സൗദി എയർലൈൻസ് സർവീസ് നടത്തുന്നുണ്ട്. ഈ സർവീസ് മദീനയിലേക്ക് നീട്ടണമെന്നാണ് മദീന സുന്ദർശകരുടെ ആവശ്യം. അത് പോലെ കോഴിക്കോട് നിന്നും റിയാദിലേക്ക് സർവീസ് നടത്തുന്ന ഫ്‌ളൈ നാസ് ഒക്ടോബറിൽ ജിദ്ദ - കോഴിക്കോട് സർവീസ് ആരംഭിക്കും എന്നറിയിച്ചിട്ടുണ്ട്. ഫ്‌ളൈ നാസ് കോഴിക്കോട് - മദീന സെക്റ്ററിൽ നേരിട്ട് സർവീസ് ആരംഭിക്കണം എന്ന ആവശ്യവും ശക്തമാണ്.

കേരളത്തിൽ നിന്നുള്ള ഉംറ തീർത്ഥാടകരുടെയും മദീന സന്ദർശകരുടെയും എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിൽ നിന്നും മദീനയിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കണമെന്നാണ് തീർത്ഥാടകരുടെ ആവശ്യം. ഇതിനായി കേരള ഹജ്ജ് കമ്മിറ്റി, മത - രാഷ്ട്രീയ സംഘടനകൾ, ജന പ്രതിനിധികൾ തുടങ്ങിയവർ ബന്ധപ്പെട്ടവരിൽ സമ്മർദ്ദം ചെലുത്തണമെന്നും അവർ ആവശ്യപ്പെടുന്നു.
- സ്വന്തം ലേഖകൻ