റിയാദ്: സൗദി അറേബ്യയിൽ വാറ്റ് ഈടാക്കാൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ തീരുമാനച്ചു. 2016 ജൂണിൽ ഗൾഫ് രാജ്യങ്ങൾ വാറ്റ് സംബന്ധിച്ച് ധാരണയിൽ എത്തിയിരുന്നു. ഗൾഫ് സഹകരണരാജ്യങ്ങളിൽ ഏകീകൃത സ്വഭാവത്തോടെയുള്ള വാറ്റ് ആയിരിക്കും പ്രാബല്യത്തിൽ വരികയെന്നാണ് സൂചന.

നിശ്ചിത ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കുമാണ് വാറ്റ് ഏർപ്പെടുത്താൻ സൗദി മന്ത്രിസഭയിൽ തീരുമാനമെടുത്തിട്ടുള്ളതെന്നാണ് സൂചന. നേരത്തെ ശൂറാ കൗൺസിലും ഇക്കാര്യം ചർച്ചചെയ്തിരുന്നു.പെട്രോളിതര വരുമാനം വർധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ ടാക്‌സ്. അഞ്ച് ശതമാനം വരെ മൂല്യ വർധിത ടാക്‌സും (വാറ്റ്) 50 മുതൽ 100 ശതമാനം വരെ പ്രത്യേക ഇനങ്ങൾക്കുള്ള ടാക്‌സും ഏർപ്പെടുത്താനാണ് സാധ്യതയെന്നാണ് പുറത്ത് വരുന്ന സൂചന.

മൂല്യ വർധിത ടാക്‌സ് ഭൂരിപക്ഷം ഇനങ്ങൾക്കും ബാധകമാവുമ്പോൾ പ്രത്യേക ഇനങ്ങൾക്കുള്ള ടാക്‌സ് പുകയില ഉൽപന്നങ്ങൾ, പവർ ഡ്രിങ്ക്‌സ് തുടങ്ങിയ ഇനങ്ങൾക്കാണ് ബാധകമാവുക. 192 ഇനങ്ങൾക്ക് കഴിഞ്ഞ ഒമ്പത് വർഷമായി സർക്കാർ നൽകിവന്ന കസ്റ്റംസ് തീരുവ സബ്‌സിഡി എടുത്തുകളയുന്നതോടെ 25 ശതമാനത്തോളം വിലവർധനവ് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് പുതിയ ടാക്‌സ് കൂടി പ്രാബല്യത്തിൽ വരുന്നത്.

നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കാനും പൊതുജനങ്ങളുടെ ജീവിതച്ചെലവ് കൂടാനും തീരുമാനം പ്രത്യക്ഷത്തിൽ കാരണമാവുമെന്ന് സാമ്പത്തിക വിദഗ്ദർ അഭിപ്രായപ്പെട്ടു. വാറ്റ് ഏർപ്പെടുത്തിയിരിക്കുന്നത് ഏതെല്ലാം വസ്തുക്കൾക്കാണന്നും എത്ര ശതമാനമാണെന്നതും സംബന്ധിച്ച വിവരങ്ങൾ മന്ത്രിസഭ വെളിപ്പെടുത്തിയിട്ടില്ല. അടുത്ത ദിവസങ്ങളിൽ കൂടുതൽ
വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.