സൗദി അറേബ്യയിലെ സ്വകാര്യ പോളിക്ലിനിക്കുകളിൽ സ്പെഷ്യലൈസ്ഡ് കൺസൾട്ടന്റ് ഡോക്ടർമാരെ നിയമിക്കണമെന്ന പുതിയ വ്യവസ്ഥ ആരോഗ്യ മന്ത്രാലയം കർശനമാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ചെറിയ ക്ലിനിക്കുകളിൽ ജോലി ചെയ്യാൻ വിദഗ്ദ ഡോക്ടർമാർ സന്നദ്ധരല്ലാത്തതിനാൽ ഇതോടെ സ്വകാര്യ പോളിക്ലിനിക്കുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് കൗൺസിൽ ഓഫ് ചേംബേഴ്സിലെ ആരോഗ്യസമിതി ചൂണ്ടിക്കാട്ടി.

മെഡിക്കൽ സെന്ററുകളിലും പോളിക്ലിനിക്കുകളിലും ഉയർന്ന യോഗ്യതയും പരിചയസമ്പത്തുമുള്ള കൺസൾട്ടന്റ് ഡോക്ടർമാർ ജോലി ചെയ്യാൻ സന്നദ്ധരല്ല. എല്ലാ വിഭാഗങ്ങളിലും കൺസൾട്ടന്റിനെ നിയമിക്കണമെന്നാണ് പുതിയ ചട്ടം. എന്നാൽ യോഗ്യരായ സ്വദേശികളെയും വിദേശികളെയും ലഭ്യമല്ല.

ഈ സാഹചര്യത്തിൽ കൺസൾട്ടന്റുമാരെ നിയമിക്കണമെന്ന് അനുശാസിക്കുന്ന നിയമം ഭേദഗതി ചെയ്യണമെന്ന് സൗദി കൗൺസിൽ ഓഫ് ചേംബേഴ്സിന് കീഴിലെ ഹെൽത്ത് സമിതി ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. തീരുമാനം നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവെക്കണമെന്നും കൗൺസിൽ ആരോഗ്യ മന്ത്രാലയത്തിനയച്ച കത്തിൽ വ്യക്തമാക്കി.