ജിദ്ദ: സൗദി അറേബ്യയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മാറ്റമില്ലാതെ തുടരുന്നതോടൊപ്പം ചികിത്സയിലുള്ളവരുടെ എണ്ണം വർധിക്കുന്നു. പുതുതായി 354 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 204 പേർ മാത്രമാണ് രോഗമുക്തി നേടിയത്. ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത് തലസ്ഥാന നഗരിയായ റിയാദിലാണ്. ചൊവ്വാഴ്ച മക്കയിലും രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്.

ചികിത്സയിലുണ്ടായിരുന്നവരിൽ അഞ്ച് പേർ കൂടി മരിച്ചു. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,83,106 ആയി. ഇവരിൽ 3,73,130 പേർക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6578 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 3,398 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 560 പേരുടെ നില ഗുരുതരമാണ്.