റിയാദ്: സൗദിയുടെ പ്രധാന വരുമാന മാർഗ്ഗമായിരുന്ന എണ്ണയിൽ നിന്നുള്ള വരുമാനം ഇടിഞ്ഞതോടെ മറ്റു മാർഗങ്ങളിൽ നിന്നും രാജ്യത്തിന്റെ വരുമാനം കൂട്ടാനുള്ള ശ്രമം തുടങ്ങി. സോളാർ എനർജിയുടെ സാധ്യത ഉപയോഗപ്പെടുത്തി വൻ വിപണി നേട്ടമുണ്ടാക്കാനാണ് സൗദി പദ്ധതി ഇടുന്നത്.

വിവിധ മേഖലകളിൽ സ്വദേശി വത്കരണമടക്കം നടപ്പാക്കിയതിന് പിന്നാലെയാണ് സൗരോർജ്ജ പദ്ധതിയിലേക്ക് തിരിയാനുള്ള സൗദി ഭരണകൂടത്തിന്റെ നീക്കം. എണ്ണ വിപണി ഇടിഞ്ഞതോടെ ഭാവിയിലേക്കുള്ള പ്രധാന സാമ്പത്തിക ഉറവിടമായി സൗരോർജ്ജത്തെ മാറ്റാനാണ് സൗദി തയ്യാറെടുക്കുന്നത്.

സൗരോർജ ഉത്പാദനത്തിലൂടെ ശുദ്ധമായ ഊർജ്ജം ഉത്പാദിപ്പിക്കുന്നതിൽ ഒരു ആഗോള ശക്തിയായി മാറാനാണ് സൗദിയുടെ നീക്കം. സമ്പദ് വ്യവസ്ഥ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി കിരീടവകാശി സൽമാൻ ബിൻ മുഹമ്മദിന്റെ നേതൃത്വത്തിലാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

കഴിഞ്ഞ ദിവസം സൗദിയിലെ പ്രമുഖ ഊർജ്ജ വിതരണ കമ്പനിയായ എ.സി.ഡബ്ലു.എ പവർ രണ്ടു ലക്ഷം വീടുകൾക്ക് വൈദ്യുതി വിതരണം ചെയ്യാനാവുന്ന സൗരോർജ്ജ ഫാമിന് തുടക്കം കുറിച്ചു. 30 കോടി ഡോളർ ചെലവിട്ടാണ് പദ്ധതി.

ഈ വർഷം 700 കോടി ഡോളർ സൗരോർജ്ജ പദ്ധതിക്കായി സൗദി അറേബ്യ നിക്ഷേപിക്കും. ഏഴ് സൗർജ്ജ പ്ലാന്റുകളും ഒരു വൻകിട കാറ്റാടി പദ്ധതിയും തുടങ്ങും. 2023 ആകുമ്പോഴേക്കും ഉപഭോഗത്തിന്റ 10 ശതമാനവും സൗരോർജ്ജത്തിൽ നിന്നാക്കാനാണ് ഏറ്റവും വലിയ എണ്ണ ഉത്പാദന രാജ്യമായ സൗദി ലക്ഷ്യമിടുന്നത്.