ജിദ്ദ: സൗദി അറേബ്യ പ്രവാസികൾക്കുള്ള താമസ രേഖ (ഹവിയ്യത്ത് മുഖീം അഥവാ ഇഖാമ), ഡ്രൈവിങ് ലൈസൻസ്, വാഹനങ്ങളുടെ ആർ സി (ഇസ്തിമാറ) തുടങ്ങിയ ഐ ഡി രേഖകൾ ഡിജിറ്റൽ സംവിധാനത്തിലാക്കുന്നു. ഏറെ വൈകാതെ ഇത് നടപ്പിലാവുന്നതോടെ, ഇത്തരം രേഖകൾ സദാ കൈവശം ഉണ്ടായിരിക്കണമെന്ന നിയമവും പതിവ് സമ്പ്രദായങ്ങളും പഴങ്കഥയാവും. സൗദിയിലെ പ്രവാസികളുടെ ജീവിത ചിട്ടകളിലെ ഒരു പൊളിച്ചെഴുത്തായി മാറും പുതിയ നീക്കമെന്നാണ് വിലയിരുത്തൽ.

നിലവിൽ ഇഖാമ ഉൾപ്പെടയുള്ള ഐ ഡികൾ പൊലീസ്, പാസ്‌പോർട്ട്, തൊഴിൽ വിഭാഗങ്ങളുടെ പരിശോധനാ വേളകളിൽ കൈവശമില്ലെങ്കിൽ പിഴ ഉൾപ്പെടെയുള്ള ശിക്ഷകൾ നേരിടേണ്ടി വരുമെന്നത് ഇവ ഡിജിറ്റൽ ആകുന്നതോടെ ഇല്ലാതാകും. അതുപോലെ, പ്രവാസികൾ പലപ്പോഴും കവർച്ചയ്ക്ക് ഇരയാവുന്നതും പണത്തോടൊപ്പം ഇത്തരം രേഖകൾ പിടിച്ചെടുക്കാൻ കൂടിയായാണ്. ആ നിലയ്ക്കും ഏറെ ഗുണപരമാണ് പുതിയ നീക്കം. പ്രവാസികളെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ആശ്വാസം പകരുന്നതാണ് പുതുവർഷത്തിന്റെ ആദ്യ വേളകളിൽ ഉണ്ടായ വാർത്ത.


ഇഖാമ പോക്കറ്റടി അധികവും ഇങ്ങിനെയാണ്: ആദ്യം പോക്കറ്റടിച്ചും അതിക്രമിച്ചും രേഖകൾ കൈക്കലാക്കും. പിന്നെ, വൻതുക ഈടാക്കി അത് മടക്കി ഉടമയ്ക്ക് തന്നെ തിരിച്ചു നൽകും. യഥാർത്ഥ ഉടമയുടെ തല വെട്ടിമാറ്റിയുള്ള കൃത്രിമങ്ങളും മുമ്പ് വ്യാപകമായിരുന്നു. ഇത്തരം കുറ്റകൃത്യങ്ങൾക്കായി വൻ കവർച്ചാ സംഘം തന്നെ സൗദിയിലെ വിവിധ നഗരങ്ങളിൽ പ്രവർത്തിച്ചു വരുന്നുമെന്നുമാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. രേഖകൾ ഡിജിറ്റൽ ആവുന്നതോടെ, കവർച്ചക്കാർ കുഴയും.

വളരെ എളുപ്പത്തിൽ ഡിജിറ്റൽ ഇഖാമ ആക്ടിവേറ്റ് ചെയ്യാം. ഇതിനായി വേണ്ടത് ഇതാണ്: ആഭ്യന്തര മന്ത്രാലയം പുറത്തിറക്കുന്ന ഇൻഡിവിജ്വൽസ് (absher individuals) എന്ന ആപ്ലിക്കേഷൻ ആപ്‌സ്റ്റോറിൽ നിന്നോ പ്ലേസ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യുക. അത് നിലവിലുള്ള അബ്ഷർ പോർട്ടലിലെ യൂസർ നെയിമും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. തുടർന്ന്, ആപ്പിലുള്ള 'മൈ സർവീസസ്' തിരഞ്ഞെടുക്കുക. പിന്നീട്, 'ആക്റ്റിവേറ്റ് ഡിജിറ്റൽ റെക്കോർഡ്' തിരഞ്ഞെടുക്കുക. ഇതോടെ ഡിജിറ്റൽ ഐ ഡിയുടെ സ്‌ക്രീൻ ഷോട്ട് (ക്യൂ ആർ കോഡ്) ലഭ്യമാവും. അത് മൊബൈലിൽ സൂക്ഷിക്കുക. ഇതോടെ, സ്വന്തം മൊബൈൽ ഫോണിൽ ആർക്കും സ്വന്തം ഡിജിറ്റൽ ഇഖാമ ഡൗൺലോഡ് ചെയ്യാം.

ഇഖാമയും അതുപോലുള്ള രേഖകളും ഡിജിറ്റൽ ആകുന്നതോടെ, പരിശോധനകൾ, ഇടപാടുകൾ തുടങ്ങിയ വേളകളിൽ മൊബൈൽ ഫോണിലെ ഡിജിറ്റൽ രൂപം മാത്രം കാണിച്ചു കൊടുത്താൽ മതി. സൗദിയിൽ ഏത് ഇടപാടുകളുടെയും അന്തിമ രേഖയായി ഇനി ഈ ഡിജിറ്റൽ രേഖയാണ് പരിഗണിക്കുകയെന്ന് ഇക്കാര്യം വെളിപ്പെടുത്തവേ സൗദി ആഭ്യന്തര സഹമന്ത്രി ബന്ദർ ആലുമശാരീ വിവരിച്ചു.

ഫോണുകളിൽ ഇന്റർനെറ്റ് ഇല്ലെങ്കിലും ഡിജിറ്റൽ ഇഖാമ സ്‌ക്രീനിൽ തെളിയും. ആപ്പ് തുറന്ന് 'വ്യൂ ഡിജിറ്റൽ ഐ ഡി' തിരഞ്ഞെടുത്താൽ ക്യു ആർ കോഡും സ്പോൺസറുടെ വിവരങ്ങളും സ്പോൺസർ ഐ ഡിയും തെളിയും. അതുപോലെ, പരിശോധന സമയത്ത് പൊലീസുകാരുടെ മൊബൈൽ ഫോണിലെ 'മൈദാൻ ആപ്' വഴി ഏതു പ്രവാസിയുടെയും ഡിജിറ്റൽ ഇഖാമ പരിശോധിക്കാനാകും. 'മൈ ഫാമിലി' എന്ന ടാബിൽ പ്രവാസിയുടെ കുടുംബത്തിന്റെ വിവരങ്ങളും ലഭ്യമാണ്.

സൗദി പൗരന്മാർക്കും അവരുടെ ദേശീയ തിരിച്ചറിയൽ കാർഡ് (ബത്താഖ) ഇത്തരത്തിൽ ആക്കുകയാണ്. സൗദിയുടെ അഭിമാന പദ്ധ്വതികൾ ഉൾപ്പെടുന്ന 'വിഷൻ 2030' വിഭാവന ചെയ്യുന്നതാണ് വിവിധ മേഖലകളെ ഡിജിറ്റൽ സംവിധാനത്തിൽ കൊണ്ട് വരികയെന്നത്. ഇതിന്റെ ഭാഗമായി കൂടിയാണ് വ്യക്തി, വാഹന ഐ ഡി കളുടെ ഡിജിറ്റൽ പരിവർത്തനം.