റിയാദ്: സൗദി അറേബ്യയിലെത്തുന്നവർക്ക് ഇനി ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കൽ അല്പം കഠിനമാകും. മുമ്പ് മറ്റു രാജ്യങ്ങളിലെ ലൈസൻസ് ഉള്ളവർക്ക് നേരിട്ട്ഡ്രൈവിങ് ടെസ്റ്റ് നടത്തി ലൈസൻസ് അനുവദിക്കുന്ന സമ്പ്രദായം അവസാനിപ്പച്ചതോടെയാണ് ലൈസൻസ് എടുക്കൽ കഠിനമാകാൻ കാരണം.

ഇതിന്റെ ഭാഗമായി ഡ്രൈവിങ് അറിയുന്നവരും വിദേശ രാജ്യങ്ങളിലെ ലൈസൻസ് ഉള്ളവരും സൗദിയിലെ ഡ്രൈവിങ് സ്‌കൂളിൽ പരിശീലനം നേടണം എന്ന വ്യവസ്ഥ നിർബന്ധമാക്കി. ഇത്തരക്കാർ ഇനി മുതൽ ചുരുങ്ങിയത് 30 മണിക്കൂർ ഡ്രൈവിങ് സ്‌കൂളുകളിൽ പരിശീലനം നേടിയിരിക്കണം. ഡ്രൈവിങ് അറിയാത്തവർക്ക് 90 മണിക്കൂർ ദൈർഘ്യമുള്ള പരിശീലനമാണ് നൽകുന്നത്. ടെസ്റ്റിൽ പരാജയപ്പെട്ടാൽ ഇവർ വീണ്ടും പരിശീലനത്തിന് ഡ്രൈവിങ് സ്‌കൂളിൽ ചേരണം.

അതേസമയം, പരിശീലനത്തിനുള്ള ഫീസ് വർധിപ്പിക്കണമെന്ന് ഡ്രൈവിങ് സ്‌കൂൾ ഉടമകൾ ആവശ്യപ്പെട്ടു. വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ സൗകര്യങ്ങളുള്ള പരിശീലനകേന്ദ്രങ്ങൾ തുടങ്ങുന്നതിന് ചെലവേറും.ചുരുങ്ങിയത് മണിക്കൂറിന് 60 റിയാലെങ്കിലും (1047 രൂപ) പരിശീലന ഫീസ് ഏർപ്പെടുത്തണമെന്നാണ് ആവശ്യം. ഇത് അംഗീകരിച്ചാൽ പുതുതായി ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവർ പരിശീലനത്തിന് മാത്രം 5400 റിയാൽ (94,259 രൂപ) ഫീസ് നൽകേണ്ടി വരും.