വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കില്ലെന്ന ആശ്വാസ തീരുമാനവുമായി വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തി. ഇതോടെ കുറച്ച് ദിവസങ്ങളായി നിലനിന്നിരുന്ന ആശങ്കകൾക്ക് തീരുമാനമായി. മന്ത്രിമാരുടെ ശമ്പളവും ശൂറ അംഗങ്ങളുടെ ആനുകൂല്യവും കുറച്ച സാഹചര്യത്തിൽ ജീവനക്കാരുടെ ശമ്പളം കുറക്കാൻ സാധ്യതയുണ്ടെന്ന അഭ്യൂഹം പ്രചരിച്ച സാഹചര്യത്തിലാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.

മന്ത്രിസഭ തീരുമാനപ്രകാരം വിദ്യാഭ്യാസ മന്ത്രാലയത്തിലെ ശമ്പള സ്‌കെയിലിനെക്കുറിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സമിതിയുടെ ശിപാർശ പുറത്തുവന്നതിന് ശേഷമേ ശമ്പള പരിഷ്‌കരണത്തിൽ തീരുമാനം എടുക്കുകയുള്ളൂവെന്നും വിദ്യഭ്യാസ മന്ത്രി പറഞ്ഞു. തലസ്ഥാനത്തെ കിങ് ഫൈസൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച അക്കാദമിക്കൽ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

വിദ്യാഭ്യാസ മന്ത്രാലയത്തിന് പുറമെ സിവിൽ സർവീസ്, ധനകാര്യം തുടങ്ങിയ മന്ത്രാലയത്തിന്റെ പ്രതിനിധികളാണ് ശമ്പള സ്‌കെയിൽ പഠന സമിതിൽ ഉൾപ്പെടുന്നത്. ശമ്പളം വെട്ടിച്ചുരുക്കുക എന്ന ലക്ഷ്യത്തോടെയല്ല സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ ജോലി ചെയ്യുന്ന അദ്ധ്യാപകർ ഉൾപ്പെടെയുള്ളവരുടെ സേവന നിലവാരം മെച്ചപ്പെടുത്തുക, ചെലവ് ഫലപ്രദമായി ഉപയോഗപ്പെടുത്തുക തുടങ്ങി സമഗ്രമായ വിലയിരുത്തലാണ് സമിതിയുടെ പഠനത്തിൽ ഉൾപ്പെടുക എന്നും വകുപ്പുമന്ത്രി പറഞ്ഞു. സമിതിയുടെ ശിപാർശക്ക് ഉന്നത സഭയുടെ അംഗീകാരം ലഭിച്ച ശേഷമേ പ്രാബല്യത്തിൽ വരികയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.