റിയാദ്: സൗദിയിൽ ആശ്രിത വിസക്കാർക്കുള്ള വിസ ഫീസിൽ ഇളവ് നല്കില്ലെന്ന് സൗദി ഭരണ കൂടം അറിയിച്ചു. അടുത്ത മാസം മുതൽ ഏർപ്പെടുത്തുന്ന ആശ്രിത വിസ അംഗങ്ങൾക്കുള്ള വിസ ഫീസിൽ യാതൊരു ഇളവും ഇല്ലെന്നും ഓരോ മാസത്തേക്കും നൂറു റിയാൽ എന്ന നിലയിൽ പണമടക്കണമെന്നുമാണ് നിർദ്ദേശം

ചില രാജ്യക്കാർക്ക് ഇളവ് നൽകുന്ന കാര്യം പരിഗണനയിലുണ്ടെന്നും ഏതെല്ലാം രാജ്യങ്ങളിലെ പൗരന്മാർക്കാണ് ഇത് അനുവദിക്കുകയെന്നും പിന്നീട് വ്യക്തമാക്കും.അടുത്ത മാസം മുതൽ വിദേശികളുടെ ആശ്രിതരുടെ ഓരോ അംഗങ്ങൾക്കും ഏർപ്പെടുത്തുന്ന ലെവി ആദ്യഘട്ടത്തിൽ ഓരോ മാസത്തേക്കും നൂറു റിയാൽ വീതവും തുടർന്ന് ഓരോ വർഷവും
ഇത് വീണ്ടും നൂറു റിയാൽ വീതം വർധിപ്പിച്ച് 2020 ആകുമ്പോൾ 400 റിയാൽ പ്രതിമാസം ആകുന്ന നിലയിലാണ് സംവിധാനിച്ചിരിക്കുന്നത്.

വിദേശികളുടെ കുടുംബങ്ങളെ സൗദിയിൽ താമസിപ്പിക്കുന്നതിനു ഇത് വിലങ്ങു തടിയാകും. കൂടുതൽ അംഗങ്ങളുള്ള വിദേശികൾക്ക് ഇത് ഒരു നിലക്കും താങ്ങാൻ കഴിയാത്തതാണ്. ഇതിനകം വിവിധ സ്വകാര്യ കമ്പനികൾ ഈ ചെലവ് തൊഴിലാളികൾ സ്വന്തം നിലക്ക് അടക്കണമെന്ന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഇത് കൂടാതെ, ദേശീയ വരുമാനം വൈവിധ്യ വൽക്കരിക്കുന്നതിന്റെഭാഗമായി അടുത്ത വർഷം മുതൽ സ്വാകാര്യ സ്ഥാപനങ്ങളിലെ മുഴുവൻ വിദേശ തൊഴിലാളികൾക്കും ലെവി അടക്കേണ്ടി വരും. നിലവിൽ അൻപതു ശതമാനം സ്വദേശി വൽക്കരണം നടപ്പിലാക്കിയ സ്ഥാപനങ്ങൾക്ക് ലെവി ബാധകമല്ല. സ്വകാര്യ മേഖലയിൽ സൗദി ജീവനക്കാരുടെ എണ്ണത്തക്കാൾ അധികമുള്ള
ഓരോ വിദേശിക്കും അടുത്ത വർഷം ജനുവരി മുതൽ മാസത്തിൽ 400 റിയാലും 2019 മുതൽ 600 റിയാലും 2020 മുതൽ 800 റിയാലും ലെവി ഇനത്തിൽ മാത്രം നൽകേണ്ടി വരും.

സൗദി തൊഴിലാളികളുടെ എണ്ണത്തേക്കാൾ കുറവുള്ള കമ്പനികൾ ഓരോ വിദേശിക്കും അടുത്ത വർഷം മുതൽ ഓരോ വർഷത്തേക്കും 300, 500, 700 എന്നിങ്ങനെയായിരിക്കും അധിക ലെവി നൽകേണ്ടി വരിക. ഈ തീരുമാനം മൂലം വിദേശികളെ കൂട്ടത്തോടെ പിരിച്ചു വിടാൻ
ഒരുങ്ങുകയാണ് സ്വകാര്യ കമ്പനികൾ