സൗദിയിൽ അറുപത് വയസ് കഴിഞ്ഞ വിദേശികളെ രണ്ട് പേരായി പരിഗണിക്കുന്ന നിയമം പ്രാബല്യത്തിലായതോടെ നിരവധി മലയാളികൾ ആശങ്കയിൽ. സ്വദേശിവത്കരണത്തിന്റെ ഭാഗമായിട്ടാണ് അറുപത് വയസ് കഴിഞ്ഞവരെ രണ്ട് പേരായി പരിഗണിക്കുന്നത്.

സ്വദേശിവത്കരണത്തിന്റെ ഭാഗമായി ഇതിനനുസരിച്ച് സ്വദേശികളുടെ എണ്ണം സ്ഥാപനങ്ങൾ വർധിപ്പിക്കേണ്ടി വരും. ഇതനുസരിച്ച് വിവിധ കമ്പനികളിലെ ജീവനക്കാരുടെ എണ്ണം തൊഴിൽ മന്ത്രാലയത്തിന്റെ സ്വദേശിവത്കരണ പട്ടികയിൽ കൂടും. വിദേശ തൊഴിലാളികളുടെ എണ്ണം വർധിച്ചതായി അതത് കമ്പനികളുടെ തൊഴിൽ മന്ത്രാലയത്തിലെ അക്കൗണ്ടിൽ കാണാം. ആറു മാസം കൊണ്ടാണ് ഈ പ്രക്രിയ പൂർത്തിയാവുക. ആറു മാസത്തിന് ശേഷം 60 പിന്നിട്ട ജീവനക്കാരുള്ള സ്ഥാപനങ്ങൾ സ്വദേശികളുടെ എണ്ണം സ്ഥാപനത്തിൽ കൂട്ടേണ്ടി വരും. കേരളത്തിൽ നിന്നുള്ള ആയിരങ്ങളുണ്ട് അറുപത് പിന്നിട്ട് വിവിധ സ്ഥാപനങ്ങളിൽ. ഇവരുടെ ജോലിക്കാര്യം ആശങ്കയിലായി.

സൗദി പൗരന്മാർക്ക് മുവ്വായിരം റിയാലാണ് കുറഞ്ഞ ശമ്പളം നൽകേണ്ടത്. അല്ലെങ്കിൽ 1500 റിയാൽ നൽകാവുന്ന രണ്ട് സ്വദേശികളെ സ്ഥാപനങ്ങൾ നിയമിക്കണം. കുറഞ്ഞ ശമ്പളത്തിൽ പണിയെടുപ്പിച്ച ചെറുകിട സ്ഥാപനങ്ങളും ഇതോടെ പ്രയാസത്തിലാകും. നിക്ഷേപ വിസയുള്ളവർ, വിദ്യാഭ്യാസ രംഗത്തെ പ്രഫഷണലുകൾ, മെഡിക്കൽ രംഗത്തെ വിദഗ്ദ്ധർ എന്നിവർക്ക് മാത്രമാണ് പുതിയ തീരുമാനത്തിൽ നേരത്തെ ഇളവ് പ്രഖ്യാപിച്ചത്