റിയാദ്: സൗദിയിൽ ജോലിചെയ്യുന്ന വിദേശികൾക്ക് തൊഴിൽ ചെയ്യുന്ന മേഖലയിൽ പ്രാവണ്യം തെളിയിക്കുന്ന പരീക്ഷ നടപ്പിലാക്കും. തൊഴിലുകളിൽ യോഗ്യത തെളിയിക്കുന്ന പരീക്ഷ ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് സൗദി തൊഴിൽ മന്ത്രലായ ഇൻഫർ മേഷൻ സെന്റർ മേധാവിയും വക്താവുമായ തൈസീർ അൽ മുഫ്‌രിജ് വ്യക്തമാക്കി.

സൗദിയിലെ തൊഴിൽ മേഖല മികവുറ്റതും രാജ്യാന്തര നിലവാരമുള്ളതുമാക്കി ഉയർത്തുകയെന്ന ഉദ്ദേശത്തോടെയാണ് സൗദിയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ യോഗ്യത നിലവാരം പരിശോധിച്ച് ഉറപ്പാക്കുന്നത്.

ഏതു തൊഴിലുകളിലാണോ സൗദിയിൽ തൊഴിലാളികൾ ജോലിചെയ്യുന്നത് ആ ജോലികളിൽ മതിയായ യോഗ്യതയും അനുഭവ പരിചയും
ഉണ്ടായിരിക്കണം. മുന്ന് ഘട്ടങ്ങളിലായാണ് വിദേശ തൊഴിലാളികളുടെ യോഗ്യത പരീക്ഷനടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടം മൂന്ന് വർഷം നീണ്ടുനിൽക്കും. ഇത് നിർബന്ധമില്ലാത്ത പരീക്ഷണ ഘട്ടമായിരിക്കും. റിക്രൂട്ട്‌മെന്റ് കമ്പനികളും സ്ഥാപനങ്ങളും യോഗ്യരായ തൊഴിലാളികളെ മാത്രമേ റിക്രൂട്ട് ചെയ്യാവൂ എന്ന നിബന്ധനയുണ്ടാവുമെന്നും ഇതിനായി വിവിധ ട്രഡുകളിൽ പരീക്ഷ നടത്തിയിരിക്കണം എന്ന വ്യവസ്ഥയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

സൗദിയിലെ വിദേശികൾക്കു അവരുടെ ജോലികൾക്കനുസൃതമായി യോഗ്യത പരീക്ഷ നടപ്പാക്കുമെന്നും വിദേശ രാജ്യങ്ങളിൽ വച്ച് തന്നെയാണ് ഇത് നടപ്പാക്കുകയെന്നും തൊഴിൽമന്ത്രി എൻജിനീയർ ആദിൽ ഫഖീഹ് നേരത്തെ വ്യക്തമാക്കിയിരുന്നു. മെഡിക്കൽ പരിശോധന മാതൃകയിൽ അംഗീകാരമുള്ള സെന്ററുകളെയായിരിക്കും ഇതിന്റെ ചുമതല ഏൽപിക്കുക. സൗദിയിലെ വിദേശ തൊഴിലാളികൾക്ക് യോഗ്യത പരീക്ഷയേർപ്പെടുത്തണമെന്നു ശൂറാ കൗൺസിലിൽ ശക്തമായ ആവശ്യമുന്നയിച്ചിരുന്നു.