മദീന: സൗദിയിൽ നിന്ന് വിദേശികൾ ഫൈനൽ എക്‌സിറ്റിൽ രാജ്യം വിടുന്നതിനു മുൻപ് അവരുടെ ബാങ്ക് അക്കൗണ്ടുകൾ റദ്ദാക്കാൻ നിർദ്ദേശം. തീവ്രവാദപ്രവർത്തനത്തിന് ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാനുള്ള സാധ്യത ഏറെയായതിനാലാണ് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുമ്പോൾ സ്വദേശികളും പ്രവാസികളും ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് സൗദി ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്

ദീർഘകാലമായി ഉപയോഗിക്കാതെ കിടക്കുന്ന ഇത്തരം അക്കൗണ്ടുകൾ വഴി ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണം കൈമാറ്റം ചെയ്യപ്പെടുന്നതായി കണ്ടത്തെിയതിനെ തുടർന്നാണ് അക്കൗണ്ടുകൾ സൂക്ഷിക്കണമെന്ന് കർശന നിർദ്ദേശം നൽകിയത്. സ്വന്തം അക്കൗണ്ട് മറ്റുള്ളവർക്ക് നൽകരുതെന്നും ഭീകരപ്രവർത്തനങ്ങൾക്ക് അക്കൗണ്ടുകൾ ഉപയോഗപ്പെടുത്തിയെന്ന് കണ്ടെത്തിയാൽ ഗുരുതരമായ ഭവിഷ്യത്തുകൾ നേരിടേണ്ടി വരുമെന്നും പൗരന്മാർക്ക് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്.

വിദേശികൾക്ക് ഫൈനൽ എക്‌സിറ്റ് വീസ നല്കുന്നതിനു മുൻപായി ബാങ്ക് അക്കൗണ്ടുകൾ റദ്ദുചെയ്യുന്നത് നിർബന്ധമാക്കാനാണ് നിർദ്ദേശം ഉയരുന്നത്. ബാങ്ക് അക്കൗണ്ടുകൾ റദ്ദ് ചെയ്യാതെ വിദേശികൾക്ക് ജവാസത്ത് ഫൈനൽ എക്‌സിറ്റ് നല്കാൻ പാടില്ലെന്നും സുരക്ഷ വിദഗ്ദർ നിർദ്ദേശിച്ചിട്ടുണ്ട്‌