റിയാദ്: കാലാവധി കഴിഞ്ഞ റീഎൻട്രി വിസകൾ പ്രവാസി തൊഴിലാളികൾക്കും അവരുടെ ആശ്രിതർക്കും സ്വന്തം രാജ്യത്ത് പുതുക്കാൻ അവസരമൊരുങ്ങി. സൗദിയിലേക്ക് തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നവർക്കും പ്രവാസികളുടെ ആശ്രിതർക്കും ഗുണകരമാകുന്ന തീരുമാനം സൗദി വിദേശകാര്യ മന്ത്രാലയം ആണ് പുറത്ത് വിട്ടത്.

വിസാ കാലാവധിക്കകം സൗദിയിലേക്ക് തിരിച്ചു പോകാൻ സാധിക്കാത്തവർക്ക് ഏറെ ആശ്വാസമണ് ഈ തീരുമാനം.രാജ്യത്തിന് പുറത്താണെങ്കിൽ പോലും കാലാവധി തീർന്ന എക്‌സിറ്റ് റീഎൻട്രി വിസ പുതുക്കാനുള്ള സൗകര്യമാണ് സൗദി വിദേശകാര്യ മന്ത്രാലയം ഇപ്പോൾ ഏർപ്പെടുന്നത്.

എന്നാൽ തൊഴിലാളികൾ നാട്ടിൽ പോയി ഏഴ് മാസം പിന്നിട്ടാലും ഫാമിലി വിസയിലുള്ളവർ നാട്ടിൽ പോയി ഒരു വർഷം പിന്നിട്ടാലും വിസ പുതുക്കാൻ സാധിക്കില്ല. വിദേശ രാജ്യങ്ങളിലെ സൗദി എംബസികളിൽ നിന്നാണ് വിസ പുതുക്കിക്കിട്ടുക. സർക്കാർ,സ്വകാര്യ മേഖലാ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും റീ എൻട്രി വിസകൾ പുതുക്കുന്നതിന് വിദേശത്തുള്ള സൗദി കോൺസുലാർ ഡിപ്പോർട്ട്‌മെന്റിലോ സൗദി എംബസിയിലോ എത്തേണ്ടതാണ്.

സ്വദേശത്ത് ഏഴ് മാസത്തിൽ അധികം താമസിക്കാത്തവർക്കാണ് വിസ പുതുക്കുന്നതിന് യോഗ്യത ലഭിക്കുന്നത്. തങ്ങളുടെ സ്ഥാപനത്തിന്റെ കത്തും തൊഴിലാളികൾ ഹാജരാക്കണം. വിദേശകാര്യ മന്ത്രാലയമോ കൗൺസിൽ ഓഫ് സൗദി ചേംബേഴ്‌സോ അംഗീകരിച്ചതാകണം ഈ കത്ത്. അപേക്ഷയോടൊപ്പം ഇഖാമയെന്ന് നേരത്തെ അറിയപ്പെട്ടിരുന്ന റസിഡൻസ് പെർമിറ്റിന്റെ കോപ്പിലും ഹാജരാക്കണം.മുഖീം എന്നാണ് ഇത് ഇപ്പോൾ അറിയപ്പെടുന്നത്. അച്ഛന്റേയും സ്‌പോൺസറുടേയും വിവരങ്ങളും നിർബന്ധമായും നൽകണം.

നിബന്ധനകൾക്ക് വിധേയമായി ഗാർഹിക തൊഴിലാളികളുടെ എക്‌സിറ്റ് റീഎൻട്രിയും പുതുക്കാവുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു. സ്‌കൂൾ പരീക്ഷ, ചികിത്സ തുടങ്ങിയ കാരണങ്ങളാൽ വിസാകാലാവധിക്കുള്ളിൽ തിരിച്ചു വരാൻ സാധിക്കാത്ത വിദ്യാർത്ഥകൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ അനുഗ്രഹമാണ് ഈ നീക്കം.