ജുബൈൽ: കടം കൊടുത്ത പണം തിരിച്ചു ചോദിച്ചതിനെ തുടർന്ന് ജുബൈലിൽ സുഹൃത്തുക്കളാൽ കൊലചെയ്യപ്പെട്ട കണ്ണൂർ മാട്ടൂൽ സ്വദേശി ഫൈസലിന്റെ കൊലപാതക കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷയും കൂട്ടുനിന്ന രണ്ടാം പ്രതിക്ക് അഞ്ച് വർഷം അധിക തടവും കോടതി വിധിച്ചു.

ഒന്നാം പ്രതി തമിഴ്‌നാട് കടലൂർ കാമപുരം സ്വദേശി ഭരതന് ആണ് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി എറണാകുളം സ്വദേശി നെല്ലാട് മുഴുവന്നൂർ എൽദോ വർഗീസിന് അഞ്ച് വർഷം കൂടി അധിക തടവും ആണ് ജുബൈൽ ശരീഅത്ത് കോടതി വിധിച്ചത്. മേൽ കോടതിയിലേക്ക് അപ്പീൽ പോകുന്നതിന് പ്രതികൾക്കും കൂടുതൽ ശിക്ഷ ആവശ്യപ്പെട്ട് മേൽ കോടതിയെ സമീപിക്കണമെങ്കിൽ ഫൈസലിന്റെ കുടുംബാങ്ങൾക്കും മുപ്പത് ദിവസത്തെ
സാവകാശവും കോടതി അനുവദിച്ചിട്ടുണ്ട്.

കുടിവെള്ളം പോലും നൽകാതെ രണ്ട് ദിവസത്തെ പീഡനത്തിന് ശേഷം നടത്തിയ കൊലപാതകത്തിന്റെ ക്രൂരത കണക്കിലെടുത്താണ് ഭരതന് വധശിക്ഷ വിധിച്ചത്. കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും ഭരതനാണ്. കൊലപാതകം മൂടിവച്ചതിനും കൊല നടത്തുന്നതുന്നതിന് സാഹചര്യം ഒരുക്കി കൊടുത്തതിനും ആണ് എൽദോ വർഗീസിന് ശിക്ഷ വിധിച്ചത്. നേരത്തെ വിധിച്ച അഞ്ച് വർഷത്തെ കൂടാതെ അഞ്ച്
വർഷത്തെ അധിക തടവ് കൂടി എൽദോ അനുഭവിക്കണം.

2008 ജൂൺ 28 നാണ് ജുബൈൽ ഗവണ്മെന്റ് ആശുപത്രിയിൽ ഫിസിയോ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്തിരുന്ന ഫൈസലിനെ സഹപ്രവർത്തകരായ തമിഴ്‌നാട് കടലൂർ കാമപുരം സ്വദേശി ഭരതനും എറണാകുളം സ്വദേശി എൽദോയും ചേർന്ന് കൊലപ്പെടുത്തിയത്. ഒരു ദിവസം മുഴുവനായും റൂമിലെ അലമാരയോട് ചേർത്ത് കെട്ടിയിട്ട് വായിൽ ടേപ്പ് ഒട്ടിച്ച് ശ്വാസം മുട്ടിച്ചു കൊന്ന ശേഷം ശാലയോട് ചേർന്നുള്ള അടുക്കളയിൽ തള്ളുകയായിരുന്നു.

സംഭവ കാലത്ത് ദമാമിലായിരുന്ന സുഹ്യത്ത്, ഫൈസലിന്റെ സഹപ്രവർത്തകരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മരണത്തിൽ സംശയം ഉള്ളതായി പൊലീസിൽ പരാതി നൽകിയതാണ് കൊലപാതകം ആണെന്ന് കണ്ടെത്താൻ കാരണമായത്.

കാറ്ററിങ് ബിസിനസിനായി 45,000 റിയാലോളം ഭരതൻ ഫൈസലിൽ നിന്നും കടം വാങ്ങിയിരുന്നു.നാട്ടിൽ പോകുന്നതിനായി പണം തിരികെ ചോദിച്ചതാണ് കൊലപാതകത്തിന് ഭരതനെ പ്രേരിപ്പിച്ചത്. ആദ്യം കുറ്റം നിഷേധിച്ച പ്രതികൾ, പൊലീസിന്റെ ശക്തമായ തെളിവുകൾക്ക് മുന്നിൽ കുറ്റസമ്മതം നടത്തുകയായിരുന്നു.ദിവസങ്ങൾക്കകം പിടിയിലായ പ്രതികൾ എട്ടര വർഷമായി ജയിലിലാണ്.