ജിദ്ദ: അനധികൃത തൊഴിലാളികൾക്ക് മുന്നറിയിപ്പുമായി സൗദി പാസ്‌പോർട്ട് വകുപ്പ്. രാജ്യത്ത് അനധികൃതമായി കഴിയുന്നവർക്ക് ആറു മാസം തടവും 50,000 റിയാൽ പിഴയും. പൊതുമാപ്പ് അവസാനിച്ച സാഹചര്യത്തിൽ രാജ്യത്തെ എല്ലാ പ്രവിശ്യകളിലും പരിശോധന ശക്തമാക്കി. ഈ സാഹചര്യത്തിലാണ് അനധികൃതമായി കഴിയുന്ന വിദേശ തൊഴിലാളികൾക്ക് പാസ്‌പോർട്ട് വകുപ്പ് മുന്നറിയിപ്പ് നൽകിയത്.

ശിക്ഷാ കാലാവധി കഴിഞ്ഞാൽ വിദേശികളെ നാടുകടത്തുമെന്നും പാസ്‌പോർട്ട് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്കി. സ്വന്തമായി തൊഴിൽ ചെയ്യുന്ന വിദേശികൾക്ക് 10,000 റിയാൽ പിഴയും ഒരു മാസം തടവും ശിക്ഷ ലഭിക്കും. വിദേശികൾ സ്വന്തം നിലയിൽ ജോലി ചെയ്യുന്നതും തെരുവുകളിൽ കച്ചവടം നടത്തുന്നതും നിയമ ലംഘനമാണ്.

തൊഴിലുടമയുടെ കീഴിലല്ലാതെ ജോലി ചെയ്യാൻ അനുമതിയില്ല. ഇഖാമയിൽ രേഖപ്പെടുത്തിയിട്ടുള്ള തൊഴിലിന് വിരുദ്ധമായി ജോലി ചെയ്യുന്നതും നിയമ ലംഘനമാണെന്ന് ആഭ്യന്തര വകുപ്പും തൊഴിൽ വകുപ്പും വ്യക്തമാക്കി.