വീട്ടുവേലക്കാരുടെ ഹുറൂബ് ഓൺലൈൻ വഴി രേഖപ്പെടുത്താൻ പുതിയ നിബന്ധനകളുമായി സൗദി പാസ്‌പോർട്ട് വിഭാഗം രംഗത്ത്. ഹുറൂബ് അഥവാ ഒളിച്ചോട്ടം ഇനി ഓൺലൈൻ വഴി റദ്ദ് ചെയ്യാനാവില്ല. തൊഴിലാളികളെ ഹുറൂബാക്കുന്ന സാഹചര്യങ്ങൾ പഠിച്ച ശേഷമാണ് നടപടി.

ഹുറൂബ് റിപ്പോർട്ട് സമർപ്പിക്കന്നതോടെ തൊഴിലാളി നിയമവിരുദ്ധനാകും. പിന്നീട് അറസ്റ്റ് വരിച്ച് നാട്ടിലേക്ക് മടങ്ങുകയാണ് പ്രധാന വഴി. വീട്ടുവേലക്കാരുടെ ഹുറൂബ് ഓൺലൈൻ വഴി രേഖപ്പെടുത്താനാണ് സൗദി പാസ്‌പോർട്ട് വിഭാഗത്തിന്റെ നാല് നിബന്ധനകൾ.

ഒന്ന്. തൊഴിലാളിയുടെ തിരിച്ചറിയൽ കാർഡ് അഥവാ ഇഖാമക്ക് കാലാവധിയുള്ളതായിരിക്കണം.

രണ്ട്. ഒരു ജോലിക്കാരനെക്കുറിച്ച് ഒരു തവണ മാത്രം ഓൺലൈൻ വഴി ഹുറൂബ് രേഖപ്പെടുത്തുക, മൂന്ന്. അബ്ഷിർ വഴി ഹുറൂബ് റദ്ദ് ചെയ്യാതിരിക്കുക,

നാല്. തൊഴിലാളി ഫൈനൽ എക്‌സിറ്റ് വിസ നൽകപ്പെട്ടവനല്ലാതിരിക്കുക. ഇവയാണ് നിബന്ധനകൾ.

ഫൈനൽ എക്‌സിറ്റ് നൽകിയതിന് ശേഷം തൊഴിലുടമക്ക് വീട്ടുവേലക്കാരെ ഹുറൂബാക്കാനാവില്ലെന്നത് പ്രധാന നേട്ടമാകും. ഹുറൂബ് രേഖപ്പെടുത്തിയ ശേഷം ഓൺലൈൻ വഴിയോ അബ്ഷിർ സംവിധാനം വഴിയോ ഹുറൂബ് റദ്ദ് ചെയ്യാനാവില്‌ളെന്നും ജവാസാത്ത് വൃത്തങ്ങൾ വിശദീകരിച്ചു.

ഹറൂബ് റദ്ദ് ചെയ്ത് വീട്ടുവേലക്കാരെ സേവനത്തിൽ തിരിച്ചെടുക്കാൻ ഉദ്ദേശിക്കുന്ന തൊഴിലുടമക്ക് ജവാസാത്തിന്റെ കീഴിലുള്ള വിദേശികളുടെ നടപടികൾ പൂർത്തീകരിക്കാനുള്ള 'വാഫിദീൻ, ഓഫീസിൽ 15 ദിവസത്തിനകം നേരിട്ട് ഹാജരാകണം. 15 ദിവസം പിന്നിട്ട് ഹുറൂബ് റദ്ദ് ചെയ്യാനാവില്ലെന്നും ജവാസാത്ത് വൃത്തങ്ങൾ വ്യക്തമാക്കി.തൊഴിലാളി ഒളിച്ചോടുകയോ ജോലിക്ക് ഹാജരാകാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ സ്‌പോൺസർമാർ ജവാസാത്തിന് നൽകുന്ന റിപ്പോട്ടാണ് ഹുറൂബ്.