പൊതുമാപ്പ് കാലാവധി അവസാനിച്ചതോടെ രാജ്യമെങ്ങും പരിശോധന ഊർജ്ജിതമാക്കിയ തോടെ പിടിയിലാകുന്നവരുടെ എണ്ണം പെരുകുന്നു. നിയമലംഘകരില്ലാത്ത രാജ്യം എന്ന ക്യാംപെയ്‌ന്റെ ഭാഗമായി ആദ്യ ദിവസം തന്നെ നടത്തിയ പരിശോധനയിൽ മാത്രം അറസ്റ്റിലായത് 7500 പേരാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മലയാളികൾ ഉൾപ്പെടെയുള്ള ഇഖാമ, താമസ നിയമലംഘകരാണ് പിടിയിലായതെന്നാണ് സൂചന. ഇഖാമ ഇല്ലാത്തവരേയും ഇഖാമ കാലാവധി കഴിഞ്ഞവരേയും പിടികൂടുന്നതിന്റെ ഭാഗമായി രാജ്യമെങ്ങും വ്യാപക പരിശോധന നടത്തിവരുകയാണ്. രേഖകളില്ലാത്ത വിദേശികളെ സഹായിച്ച സ്വദേശികളും പിടിയിലായി. വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് പരിശോധന.

താമസ സ്ഥലങ്ങളും സ്ഥാപനങ്ങളും പരിശോധിക്കുന്നുണ്ട്. രാജ്യത്തേക്ക് അനധികൃമായി കടക്കാൻ ശ്രമിച്ച 21000 പേരെയും പിടികൂടി. രേഖകളില്ലാതെ രാജ്യം വിടാൻ ശ്രമിച്ച 872 പേരും പിടിയിലാണ്. നടപടി പൂർത്തിയാകും വരെ കഫീലുമാരും സ്ഥാപനങ്ങളും നിയമലംഘകരെ പിടികൂടാൻ സഹായിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.