സൗദി: അപകടങ്ങൾ ഉണ്ടാക്കാതെ ശ്രദ്ധയോടെ ഓടിക്കുന്നവരുടെ വാഹനങ്ങൾക്കു കുറഞ്ഞ ഇൻഷുറൻസ് പോളിസി ലഭ്യമാക്കുന്ന പദ്ധതിയുമായി സൗദി അറേബ്യ. സൗദി അറേബ്യൻ മോണിറ്ററി അഥോറിറ്റിയാണ് ഇത് സംബന്ധിച്ച നിർദ്ദേശം സമർപ്പിച്ചിരിക്കുന്നത്.

വാഹനപകടങ്ങൾ പരമാവധി ഒഴിവാക്കുവാനും, ഡ്രൈവർമാർ വാഹനങ്ങൾ ശ്രദ്ദയോടെ ഓടിക്കുവാനും ലക്ഷ്യം വച്ചാണ് സൗദി പുതിയ പദ്ധതിക്ക് രൂപം നൽകിയത്. വർഷത്തിൽ യാതൊരു അപകടവും വരുത്താത്ത വാഹനങ്ങൾക്ക് ഇൻഷൂറൻസ് പുതുക്കുമ്പോൾ 15 ശതമാനം ഇളവു നൽകുന്നതാണ് പദ്ധതി.

ഇത്തരത്തിൽ രണ്ട് വർഷം യാതൊരു അപകടവും കൂടാതെ ഓടിക്കുന്ന വാഹനങ്ങളുടെ പുതുക്കലിന് 25 ശതമാനവും, മൂന്നോ അതിൽ കൂടുതലോ വർഷം അപകട രഹിത ഡ്രൈവിങ്ങിന് 30 ശതമാനവും ഇൻഷൂറൻസ് ഇളവു നൽകാനാണ് പദ്ധതി. അടുത്ത വർഷം ഏപ്രിൽ ഒന്നു മുതൽ നിയമം പ്രാബല്യത്തിൽ കൊണ്ട് വരുമെന്ന് അധിക്രതർ അറിയിച്ചു.

സൗദിയിൽ വാഹന ഇൻഷുറൻസ് ഗണ്യമായി വർധിക്കുന്നതായി പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ കൗൺസിൽ ഓഫ് കോംപറ്റിഷൻ സൗദി മോണിറ്ററി ഏജൻസിയുമായി ഏകോപനം നടത്തണമെന്ന് ശൂറാ കൗൺസിൽ നിർദ്ദേശം നൽകിയിരുന്നു. വാഹന ഇൻഷുറൻസ് മേഖലയിലെ കുത്തകവത്ക്കരണം അവസാനിപ്പിക്കണമെന്നും ശൂറ നിർദേശിച്ചു. ഈ പശ്ചാത്തലത്തിലാണ് മോണിറ്ററി ഏജൻസി പോളിസി നിരക്കു കുറക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്.