റിയാദ്: ഇനി രാജ്യത്തേക്ക് എത്തുന്ന പുതിയ വിസക്കാർക്ക് ഇഖാമയ്ക്കായി ജവാസാത്തിൽ പോയി ക്യൂ നിലക്കേണ്ട.പുതിയ വിസകളിലെത്തു ന്നവർക്കും ഓൺലൈൻ മുഖേന ഇഖാമ ലഭ്യമാക്കുന്ന പദ്ധതി നിലവിൽ വന്നതായി സൗദി ജവാസാത്ത് അറിയിച്ചു. കൂടാതെ സേവനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനുള്ള പാസ്‌പോർട്ട് ഡയരക്ടറേറ്റിന്റെ തീരുമാനത്തിന്റെ ഭാഗമായി മൂന്നു പുതിയ സേവനങ്ങൾ കൂടി ഓൺലൈൻ സേവനമായ അബ് ഷീറിൽ ഉൾപ്പെടുത്തിയതായും അറിയിച്ചു.

നഖൽ മാലുമാത്, പാസ്‌പോർട്ട് നമ്പരിൽ മാറ്റം, റീ എൻട്രിയിൽ പോയ തൊഴിലാളിയുടെ വിസ കാലാവധി അറിയിക്കൽ എന്നീ സേവനങ്ങളാണ് പുതിയതായി ഉൾപ്പെടുത്തിയിട്ടുള്ളത്.വിദേശികളുടെ കാലാവധി കഴിഞ്ഞ പാസ്‌പോർട്ട് പുതുക്കുകയോ മറ്റു കാരണങ്ങളാൽ പുതിയ പാസ്‌പോർട്ട് എടുക്കേണ്ടി വരികയോ ചെയ്യുന്ന അവസരത്തിൽ പുതിയ പാസ്‌പോർട്ടിലേക്ക് നിലവിലുള്ള വിവരങ്ങൾ പകർത്തുന്ന നടപടിക്രമമാണ് നഖൽ മാലുമാത്. ഈ സേവനം അബഷീർ വഴി ചെയ്യാൻ സാധിക്കുന്നത് തങ്ങളുടെയും കുടുംബങ്ങളുടെയും പാസ്‌പോർട്ടുകൾ പുതുക്കുന്ന പ്രവാസികൾക്ക് കൂടുതൽ ഉപകാരപ്രദമാകും.

കൂടാതെ നേരത്തെ നൽകിയ പാസ്‌പോർട്ട് നമ്പരിൽ മാറ്റം വരുത്താൽ ഓണലൈനിലൂടെ തന്നെ അബശീർ സേവനം ഉപയോഗിച്ച് സാധിക്കും. നിലവിലെ ജോലി അവസാനിപ്പിച്ച് ഫൈനൽ എക്‌സിറ്റ് വിസയിൽ നാട്ടിലേക്ക് പോയി പുതിയ വിസയിൽ തിരിച്ചു വരുന്ന വിദേശികൾക്കാണ് ഈ സേവനം ഉപകാരപ്രദമാകുന്നത്.റീ എൻട്രിയിൽ നാട്ടിലേക്ക് പോയ വിദേശി റീ എൻട്രി വിസയുടെ കാലാവധി അവസാനിച്ചിട്ടും രാജ്യത്തേക്ക് തിരിച്ചു വരാത്ത അവസരത്തിൽ അയാളുടെ വിസ കാലാവധി അവസാനിച്ചതായി അറിയിക്കാൻ സാധിക്കും എന്നതാണ് അബശീർ നൽകുന്ന പുതിയ മൂന്നാമത്തെ സേവനം..

ജവാസാത്ത് വശം പാസ്‌പോർട്ട് വിവരങ്ങളുള്ള പുതിയ വിസകളിലെത്തുന്ന വിദേശികൾക്കാണ് ജവാസാത്ത് ഓഫിസുകളിൽ നേരിട്ടെത്താതെ പുതിയ സേവനം അബ്ഷിർ മുഖേന ലഭ്യമാവുകയെന്ന് ജവാസാത്ത് വക്താവ് ക്യാപ്റ്റൻ അഹമ്മദ് അല്ലുഹൈദാൻ വ്യക്തമാക്കി. തൊഴിലാളിയുടെ പാസ്‌പോർട്ടിലെ വിസ, പേരു വിവരങ്ങൾ, സൗദിയിൽ ഇറങ്ങുമ്പോൾ ജവാസാത്ത് രേഖപ്പെടുത്തുന്ന നമ്പർ എന്നിവ ഉൾക്കൊള്ളുന്ന പേജുകൾ ജവാസാത്തിന് അബ്ഷിർ സിസ്റ്റം വഴി അയച്ചു കൊടുക്കണം.

നേരത്തെ ജവാസാത്തിൽ പാസ്‌പോർട്ട് വിവരങ്ങളുണെ്ടങ്കിൽ വിദേശിയുടെ ഇഖാമ നടപടി ആരംഭിക്കുമ്പോൾ തന്നെ സ്‌പോൺസറുടെ മൊബൈലിൽ പാസ്‌പോർട്ട് നമ്പർ നിലവിലുള്ളതിനാൽ സേവനം സാധ്യമാണെന്ന് അറിയിച്ച് സന്ദേശം ലഭിക്കും. തുടർന്നാണ് അബ്ഷിറിൽ ഓൺലൈൻ ഇഖാമക്ക് നടപടികൾ ചെയ്യുക.

അബ്ഷിറിൽ ലഭിക്കുന്ന നിർദേശ പ്രകാരമുള്ള വിവരങ്ങൾ നൽകുകയും പാസ്‌പോർട്ട് പേജുകൾ അയച്ചു കൊടുക്കുകയും വേണം. വിവരങ്ങൾ പൂർണമായി നൽകുന്നതോടെ ഓൺലൈൻ മുഖേനയുള്ള ഇഖാമ നടപടി പൂർത്തിയായി എന്നറിയിച്ച് സ്‌പോൺസറുടെ മൊബൈലിൽ സന്ദേശം ലഭിക്കും. വിദേശികളുടെ ഇഖാമ പുതുക്കൽ, റീഎൻട്രി, എക്‌സിറ്റ് തുടങ്ങിയ ഒട്ടുമിക്ക സേവനങ്ങളും ഇതിനകം ജവാസാത്ത് ഓൺലൈൻ മുഖേന നൽകി തുടങ്ങിയിട്ടുണ്ട്.