സൗദിയിലെ ജൂവലറികളിൽ ഡിസംബർ 5 മുതൽ സ്വദേശിവൽക്കരണം നടപ്പിലാക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയിലെ ജൂവലറികളിൽ മലയാളികളുൾപെടെ 18,000 ത്തോളം പേർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് സൂചന. കേരളത്തിൽ നിന്നുള്ള പ്രമുഖ ജൂവലറികളുടെ ശാഖകളിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് മലയാളികൾക്ക് ഇതോടെ തൊഴിൽ നഷ്ടപ്പെടും.

ജൂവലറി മേഖലയിൽ സമ്പൂർണ സൗദി വത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മലയാളികളുൾപെടെയുള്ള വിദേശികളെ നാടുകടത്താനൊരുങ്ങുകയാണ് സൗദി. 2007ൽ ജൂവലറികളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കണമെന്ന് സൗദി മന്ത്രിസഭ തീരുമാനിച്ചെങ്കിലും ഫലപ്രദമായി നടപ്പിലാക്കാൻ കഴിഞ്ഞില്ല. എന്നാൽ ഷോപ്പിങ് മാളുകളിലും മൊബൈൽ ഫോൺ ഷോപ്പുകളിലും വിജയകരമായി സ്വദേശിവൽക്കരണം നടപ്പിലാക്കാൻ കഴിഞ്ഞതോടെയാണ് രണ്ടു മാസം മുമ്പ് ജൂവലറികളിലും സ്വദേശിവൽക്കരണം പ്രഖ്യാപിച്ചത്.

സമ്പൂർണ സ്വദേശിവൽക്കരണം സംബന്ധിച്ച് ജൂവലറി ഉടമകൾക്ക് നേരത്തെ തൊഴിൽ മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു. ഇതിനായി രണ്ടുമാസത്തെ സാവകാശവും അനുവദിച്ചു. ഡിസംബർ 5ന് കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിൽ മുഴുവൻ ജൂവലറികളിലും സ്വദേശികളെ നിയമിക്കണമെന്ന് തൊഴിൽ മന്ത്രാലയം വക്താവ് ഖാലിദ് അബൽ ഖൈൽ ആവശ്യപ്പെട്ടു.