ന്യൂഡൽഹി: ശമ്പളവും ജോലിയുമില്ലാതെ ദുരിതത്തിലായ ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്‌നത്തൽ പരിഹാരത്തിനായി ഇടപെടുമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉറപ്പുനൽകിയെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. രണ്ടുദിവസത്തിനകം പ്രശ്‌നം പരിഹരിക്കാൻ സൽമാൻ രാജാവ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി രാജ്യസഭയെ അറിയിച്ചു. ഇന്ത്യയിലേക്ക് മടങ്ങുന്ന തൊഴിലാളികൾക്ക് എക്‌സിറ്റ് വിസ നൽകാമെന്ന് സൗദി അധികൃതർ അറിയിച്ചിട്ടുണ്ട്. അവരുടെ തിരിച്ചുവരവിനുള്ള എല്ലാ ചെലവുകളും സൗദി വഹിക്കുമെന്നും സുഷമ രാജ്യസഭയെ അറിയിച്ചു.

ലേബർ ക്യാമ്പുകളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണവും വൈദ്യസഹായവും സൗദി സർക്കാർ നൽകുമെന്ന് അറിയിച്ചതായും സുഷമ സ്വരാജ് വ്യക്തമാക്കി. ജോലി നഷ്ടപ്പെട്ട മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കും. ഇന്ത്യക്കാരെ ജോലിക്കാരായി നിയമിക്കാൻ ഉദ്ദേശിക്കുന്ന കമ്പനികൾക്ക് അതിനുള്ള അംഗീകാരം നൽകുമെന്ന് സൗദി അറിയിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

അതേസമയം തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവുകൾ സൗദി ഭരണകൂടം വഹിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. സൗദിയിൽ തൊഴിൽ നഷ്ടപ്പെട്ട് ഇന്ത്യക്കാർ ദുരിതത്തിലാണെന്ന് വസ്തുത മാദ്ധ്യമങ്ങൾ പെരുപ്പിച്ച് കാണിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്. ഒരു കമ്പനിയിൽ ജോലി ചെയ്യുന്നവർക്ക് മാത്രമാണ് തൊഴിൽ നഷ്ടപ്പെട്ടത്. നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് സഹായം എംബസി മുഖേനെ ലഭിക്കുമെന്നും അദ്ദേഹം റിയാദിൽ പറഞ്ഞു. സോഷ്യൽ മീഡിയ ഉൾപ്പടെ വസ്തുതകൾ പെരുപ്പിച്ച് കാണിച്ചു എന്നും ഒപ്പം സത്യത്തിൽ സംഭവിച്ചതെന്താണെന്ന മാദ്ധ്യമങ്ങൾ തുറന്നു പറയണമെന്നും സിങ് ആവശ്യപ്പെട്ടു.

തൊഴിലാളികളുടെ കേസുകൾ സൗദി അഭിഭാഷകരുടെ സഹായത്തോടെ നടത്തുമെന്നും പ്രതിസന്ധിയിലായ കമ്പനിയിൽനിന്ന് മറ്റു ജോലിയിലേക്ക് മാറാൻ അനുവാദം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സൗദിയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ തൊഴിലാളികളുടെ നാട്ടിലേക്കുള്ള യാത്ര വൈകും. ഇന്ത്യയിൽ നിന്ന് ഹജ്ജ് തീർത്ഥാടകരുമായി എത്തുന്ന വിമാനത്തിൽ തൊഴിലാളികളെ തിരികെകൊണ്ടുവരുന്നത് സംബന്ധിച്ച് സൗദിയുമായി ധാരണയിൽ എത്താത്തതിനാലാണ് യാത്ര വൈകുന്നത്.

ഹജ്ജ് തീർത്ഥാടകരുമായി മദീനയിലെത്തുന്ന വിമാനങ്ങളുടെ മടക്കയാത്രയിൽ തൊഴിലാളികളെ നാട്ടിലേക്ക് തിരികെ കൊണ്ടുപോകാനായിരുന്നു ഇന്ത്യയുടെ ശ്രമം. എന്നാൽ സൗദിയിലെ വ്യോമയാന ചട്ടമനുസരിച്ച് ഹജ്ജ് തീർത്ഥാടകരുമായി വരുന്ന വിമാനങ്ങളിൽ മറ്റ് യാത്രക്കാരെ കൊണ്ടുപോകാൻ കഴിയില്ല. ചട്ടങ്ങളിൽ സൗദി വ്യോമയാനമന്ത്രാലയം ഇളവുനൽകിയാൽ മാത്രമേ ഹജ്ജ്? വിമാനങ്ങളിൽ തൊഴിലാളികളെ തിരികെയെത്തിക്കാൻ കഴിയൂ.