റിയാദ്: ഇന്ത്യയുൾപ്പെടെ ഏഴുരാജ്യങ്ങളിൽ ലേബർ ഓഫീസുകൾ സ്ഥാപിക്കാൻ സൗദി മന്ത്രിസഭയുടെ അംഗീകാരം. ഇന്ത്യ കൂടാതെ, ഈജിപ്ത്, ഫിലിപ്പൈൻസ്, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലാണ് എംബസിയോടനുബന്ധിച്ച് ലേബർ അറ്റാച്ചെ ഓഫീസുകൾ സ്ഥാപിക്കാൻ അംഗീകാരം നൽകിയത്. വിദേശതൊഴിലാളികൾക്കിടയിൽ സൗദി നിയമങ്ങളെ കുറിച്ച് ബോധവത്ക്കരണം നടത്താനുള്ള ആദ്യ നടപടിയെന്നോണമാണ് ലേബർ അറ്റാച്ചെ ഓഫീസുകൾ ഈ രാജ്യങ്ങളിൽ സ്ഥാപിക്കുന്നത്.

ലേബർ അറ്റാച്ചെ ഓഫീസുകൾ സ്ഥാപിതമാകുന്നതോടെ റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങൾ ലഘൂകരിക്കാൻ സാധിക്കുമെന്നും ഇടനിലക്കാരെ പൂർണമായും ഒഴിവാക്കി കുറ്റമറ്റ രീതിയിൽ സ്‌കിൽഡ് ലേബർമാരെ നിയമിക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് മന്ത്രിസഭായോഗം വിലയിരുത്തു.

ഇതിനു ആവശ്യമായ ഓഫീസുകളും ജീവനക്കാരേയും നിയമക്കുന്നതിനു തൊഴിൽ സാമുഹ്യ ക്ഷേമ മന്ത്രാലയത്തോടും വിദേശ, സിവിൽ സർവീസ് മന്ത്രാലയത്തോടും മന്ത്രിസഭ നിർദേശിച്ചു. വിദേശ രാജ്യങ്ങളിൽ തൊഴിൽ മന്ത്രാലയത്തിന്റെ ഓഫീസുകൾ ആരംഭിക്കുമെന്ന് തൊഴിൽ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. വീട്ടു ജോലിക്കെത്തുന്ന വനിതകൾ ഉൾപ്പെടെയുള്ള ഗാർഹികതൊഴിലാളികളുടെ റിക്രൂട്ട്മെന്റിനു പുതിയ നടപടി ഏറെ സഹായകമാകുമെന്നു റിക്രൂട്ടമെന്റ ഏജൻസികൾ അഭിപ്രായപ്പെട്ടു. അതേസമയം ഡോക്ടർമാരേയും നഴ്സുമാരേയും ആശുപത്രികളിലേക്ക് വേണ്ട മറ്റു ടെക്നിഷ്യന്മാരേയും റിക്രൂട്ട് ചെയ്യുന്നതിനു നിലവിൽ ഇന്ത്യയുൾപ്പടെയുള്ള പല രാജ്യങ്ങളിലെയും സൗദി എംബസികളിൽ മെഡിക്കൽ അറ്റാച്ചകൾ പ്രവർത്തിക്കുന്നുണ്ട്.