റിയാദ്: സ്വകാര്യ കമ്പനികളിലെയും സ്ഥാപനങ്ങളിലെയും വിദേശ തൊഴിലാളികളുടെ ഇഖാമ നടപടികൾ ജവാസാത്ത് പൂർണമായും ഓൺലൈൻവൽക്കരിക്കുന്നു. ദുൽഖഅദ് ഒന്നു മുതൽ (ഓഗസ്റ്റ് 16) കമ്പനികളിലെയും സ്ഥാപനങ്ങളിലെയും വിദേശ തൊഴിലാളികൾക്ക് പുതിയ ഇഖാമ നൽകൽ, ഇഖാമ പുതുക്കൽ നടപടികളെല്ലാം പൂർണമായും ഓൺലൈൻവൽക്കരിക്കാനാണ് തീരുമാനം. ഓഗസ്റ്റ് 16 മുതൽ സ്വകാര്യ കമ്പനി പ്രതിനിധികളെ ജവാസാത്ത് ഓഫീസുകളിൽ സ്വീകരിക്കില്ല. പകരം ഇഖാമ നടപടികൾ ഓൺലൈൻ വഴി പൂർത്തിയാക്കുകയാണ് വേണ്ടത്.

ഇങ്ങനെ ഫീസ് അടച്ച് നടപടികൾ പൂർത്തിയാക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ഇഖാമ തപാൽ മാർഗം കമ്പനികളിൽ നേരിട്ട് എത്തിക്കും. വ്യവസ്ഥകളെല്ലാം പാലിച്ച് നടപടികൾ പൂർത്തിയാക്കുന്ന അപേക്ഷകളിൽ 48 മണിക്കൂറിനകം ഇഖാമകൾ തപാൽ വഴി കമ്പനികൽലേക്ക് അയക്കും.സഊദി പൗരന്മാർക്കും ഓൺലൈൻ സേവനം നിർബന്ധമാക്കാൻ ജവാസാത്ത് തീരുമാനിച്ചിട്ടുണ്ട്.

സഊദി പോസ്റ്റിന്റെ വാസിൽ സേവനത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് മുഹറം ഒന്ന് (ഒക്‌ടോബർ 14) മുതൽ സഊദി പൗരന്മാരെ ജവാസാത്ത് നിർബന്ധിക്കും. ഓൺലൈൻ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് വാസിൽ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നത്. ഓൺലൈനായി നടപടികൾ പൂർത്തിയാക്കുന്നവരുടെ രേഖകൾ തപാൽ വഴി ലഭിക്കും.

24 മണിക്കൂറിനുള്ളിൽ രേഖകൾ ഉപയോക്താക്കളുടെ താമസസ്ഥലത്ത് എത്തും. സമയവും അധ്വാനവും പണവും ലാഭിക്കാനും റോഡുകളിലെയും ബന്ധപ്പെട്ട ഓഫീസുകളിലെയും തിരക്ക് കുറക്കാനും ഓൺലൈൻ സേവനങ്ങൾ സഹായിക്കും. പ്രായാധിക്യം ചെന്നവരും വികലാംഗരും അടക്കം ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ പരിജ്ഞാനമില്ലാത്തവർക്ക് സേവനങ്ങൾക്കായി ജവാസാത്ത് ഓഫീസുകളെ തുടർന്നും സമീപിക്കുന്നതിന് തടസ്സമുണ്ടാകില്ല.

ഓൺലൈൻ വഴി നടപടികൾ പൂർത്തിയാക്കുന്ന ഉപയോക്താക്കളുടെ ഔദ്യോഗിക രേകഖൾ തപാൽ വഴി എത്തിക്കുന്നതിന് സഊദി പോസ്റ്റും ജവാസാത്ത് ഡയറക്ടറേറ്റും അടുത്ത കാലത്ത് കരാർ ഒപ്പുവച്ചിരുന്നു. ഔദ്യോഗിക രേഖകൾ യഥാർഥ വിലാസക്കാർക്ക് എത്തിച്ചു നൽകാതെ നഷ്ടപ്പെടുത്തുന്ന പക്ഷം സഊദി പോസ്റ്റ് നഷ്ടപരിഹാരം നൽകണമെന്ന വ്യവസ്ഥ കരാറിലുണ്ട്. എന്തെങ്കിലും കാരണവശാൽ ഔദ്യോഗിക രേഖകൾ നഷ്ടപ്പെട്ടാൽ പകരം ബദൽ രേഖകൾ ജവാസാത്ത് ഇഷ്യു ചെയ്ത് ഉപയോക്താക്കൾക്ക് നൽകും.