സൗദി: സൗദി തൊഴിൽ മന്ത്രാലയം നടപ്പിലാക്കി വരുന്ന നിതാഖാത്തിന്റെ പുതിയ ഘട്ടം അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചു. ഇന്നലെ മുതൽ പ്രാബല്യത്തിൽ വരാനിരുന്ന സന്തുലിത നിതാഖാത്താണ് നീട്ടിവച്ചത്.

സൗദി തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം ഇന്ത്യക്കാരുൾപെടുന്ന നിരവധി പ്രവാസികൾക്ക് താൽക്കാലിക ആശ്വാസമായി. സൗദി സർക്കാർ വിഭാവനം ചെയ്ത വിഷൻ 2030 പദ്ധതി പ്രകാരമാണ് സന്തുലിത നിതാഖാത്തിന് നടപ്പാക്കുന്നത്. നിതാഖാത്ത് നടപ്പിലാ കുന്നതോടെ സൗദിയിലെ സ്ഥാപനങ്ങളുടേയെല്ലാം മുഖ്യ നടത്തിപ്പു ചുമതലകളിൽ
സ്വദേശികളെ നിയമിക്കാനാണ് നിർദ്ദേശം.സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് ഇപ്പോൾ നിതാഖാത്ത് നീട്ടിവച്ചതെന്ന് തൊഴിൽ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

സൗദി സ്വദേശികൾക്ക് ഉന്നത പദവികളിൽ ജോലി നൽകുക, ജോലി സ്ഥിരത ഉറപ്പ് വരുത്തുക, സൗദി വനിതകൾക്കും ഭിന്ന ശേഷിയുള്ളവർക്കും ജോലി നൽകുക, സ്വദേശികൾക്ക് ആകർഷകമായ ശന്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുക തുടങ്ങിയ കാര്യങ്ങളാണ് സന്തുലിത നിതാഖാതുകൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്.

12 ലക്ഷം സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇത് ബാധകമാകും. വിദേശ നിക്ഷേപകർക്കും പരിഷ്‌കരിച്ച നിതാഖാത്ത് ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി. സ്വദേശികൾക്ക് നൽകുന്ന വേതനം സ്വദേശിവത്ക്കരണ അനുപാതം കണക്കാക്കുന്നതിനുള്ള മാനദണ്ഡമായി മാറുന്നത് സ്വദേശികളുടെ വേതനം ഉയർത്തുന്നതിന് പ്രേരകമാകും. സ്വദേശികളുടെ തൊഴിൽ സ്ഥിരതക്കും പരിഷ്‌കരിച്ച നിതാഖാത്തിൽ പ്രത്യേക വെയ്റ്റേജ് ലഭിക്കും. ഇത് മികച്ച തൊഴിൽ സാഹചര്യങ്ങളും ആനുകൂല്യങ്ങളും നൽകി സ്വദേശികളെ നിലനിർത്തുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.