സൗദിയിൽ വിദേശി ജോലിക്കാർക്കും ആശ്രിതർക്കും ഏർപ്പെടുത്തിയ ലെവി ഒഴിവാക്കിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് പാസ്‌പോർട്ട് വിഭാഗം. വിദേശി ജോലിക്കാർക്കും ആശ്രിതർക്കുമുള്ള ലെവി മാറ്റമില്ലാതെ തുടരും. ഇത് സംബന്ധിച്ച മാറ്റങ്ങൾ ട്വിറ്റർ വഴി അറിയിക്കുമെന്നും പാസ്‌പോർട്ട് വിഭാഗം അറിയിച്ചു.

വാർത്തകൾ യഥാർഥ സ്രോതസ്സിൽ നിന്ന് സ്വീകരിക്കണമെന്നും വ്യാജ പ്രചാരണത്തിൽ കുടുങ്ങരുതെന്നും ജവാസാത്ത് ഓർമിപ്പിച്ചു. ജവാസാത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് വിശദീകരണം നൽകിയത്. 2017 മുതൽ പ്രാബല്യത്തിൽ വന്ന തൊഴിലാളികളുടെ ലെവി 2400 ൽ നിന്ന് 4800 റിയാലായും ആശ്രിതരുടേത് 1200ൽ നിന്ന് 2400 റിയാലായും ഈ വർഷം ഇരട്ടിപ്പിച്ചിരുന്നു.

അടുത്ത വർഷങ്ങളിൽ സംഖ്യ വീണ്ടും വർധിപ്പിക്കുമെന്നും നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ലെവിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പുതിയ തീരുമാനമുണ്ടെങ്കിൽ ജവാസാത്തിന്റെ ഔദ്യോഗിക സൈറ്റിൽ പ്രസിദ്ധീകരിക്കും.