ത്തറിൽ നിന്ന് സ്വകാര്യവാഹനങ്ങളിൽ ഉംറ നിർവ്വഹിക്കുന്നതായുള്ള യാത്രകൾക്ക് സൗദി അറേബ്യ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം എടുത്തുമാറ്റി. കഴിഞ്ഞ ഉംറ സീസണിലാണ് ഖത്തറിൽ നിന്ന് സ്വകാര്യവാഹനങ്ങളിൽ ഉംറ നിർവ്വഹിക്കുന്നതായുള്ള യാത്രകൾക്ക് സൗദി അറേബ്യ പുതിയ നിയന്ത്രണങ്ങൾ കൊണ്ടു വന്നിരുന്നത്. ഇതിനു പുറമെ സന്ദർശക വിസയിൽ കഴിയുന്നവർ ഖത്തറിൽ നിന്ന് ഉംറ നിർവ്വഹിക്കാൻ പുറപ്പെടുന്നതിനും കഴിഞ്ഞ സീസൺ മുതൽ വിലക്കേർപ്പെടുത്തുകയായിരുന്നു. സന്ദർശക വിസയിലെത്തുന്നവർക്കുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്.

എന്നാൽ സ്വകാര്യ വാഹനങ്ങളിൽ ഉംറയാത്ര ചെയ്യുന്നതിനുള്ള വിലക്ക് നീക്കിയതായി പ്രാദേശിക പത്രമാണ് റിപ്പോർട്ട് ചെയ്തത്. വിലക്കു നീക്കിയെങ്കിലും ചില നിബന്ധനകൾ സൗദി ഹജ്ജ് മന്ത്രാലയം കൊണ്ടു വന്നതായി ഖത്തറിലെ സ്വകാര്യ ഉംറ ഏജൻസികൾ അറിയിച്ചു. യാത്ര ചെയ്യുന്നതിന് മുമ്പ് ഔദ്യോഗിക ഉംറ ഏജൻസികളിൽ പേര് രജിസ്റ്റർ ചെയ്യണം ഈ വിവരങ്ങൾ ഏജൻസികൾ സൗദി ഹജ്ജ് മന്ത്രാലയത്തെ അറിയിക്കും.

രാജ്യത്തെ ഉംറ ഏജൻസികളിൽ നിന്ന് ലഭിച്ച പരാതിയെ തുടർന്നായിരുന്നു സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നത് ഇതോടെ ഗൾഫ് നാടുകളിൽ നിന്നുള്ള തീർത്ഥാടകരുടെ എണ്ണത്തിൽ കുറവു വന്നിരുന്നു. കഴിഞ്ഞ സീസണിൽ കൊണ്ടുവന്ന വിലക്ക് ഭാഗികമായെങ്കിലും നീക്കിയത് മലയാളി കുടുംബങ്ങളടക്കമുള്ള പ്രവാസികൾക്ക് ആശ്വാസമാകും.