ദുബായ്: എന്തിനും വാട്‌സ് ആപ്പാണിപ്പോൾ. ആർക്കും അത് അവഗണിക്കാൻ കഴയില്ല. അതു ഭാര്യയ്ക്കുമറിയാം. സർവ്വസമയവും സ്മാർട്ട് ഫോണിലുമാണ്. എന്നിട്ടും ഭർത്താവിന്റെ വാട്‌സ് ആപ്പ് സന്ദേശത്തെ കണ്ടില്ലെന്ന് നടിച്ചു. അതിന് പിന്നെ മൊഴി ചൊല്ലുക മാത്രമേ വഴിയുള്ളൂ എന്ന് കരുതുന്നവരുമുണ്ട്. അതു തന്നെയാണ് സൗദി അറേബ്യയിൽ സംഭവിച്ചത്.

താൻ അയച്ച വാട്‌സ് ആപ്പ് സന്ദേശം അവഗണിച്ചതിനെ തുടർന്ന് സൗദി അറേബ്യക്കാരനായ യുവാവ് ഭാര്യയെ മൊഴി ചൊല്ലി. ഏതുസമയവും തന്റെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഫോണിൽ ചാറ്റ് ചെയ്തു കൊണ്ടിരുന്ന യുവതി ഭർത്താവിന്റെ വാട്‌സ് ആപ്പ് സന്ദേശങ്ങളോട് പ്രതികരിച്ചില്ല. ഇതിൽ പ്രകോപിതനായാണ് യുവാവ് ഭാര്യയെ മൊഴിചൊല്ലിയത്.

ഭാര്യയുടെ കള്ളത്തരം കണ്ടെത്താനായതും വാട്‌സ് ആപ്പ് ഒരുക്കിയ സവിശേഷ സാധ്യതയിലൂടെയാണ്. ഇപ്പോർ വാട്ട്‌സ് ആപ്പിൽ ഒരാൾ അയച്ച മെസ്സേജുകൾ സ്വീകരിച്ചയാൾ വായിച്ചിട്ടുണ്ടെങ്കിൽ അതിൽ നീല ടിക് മാർക്ക് കാണിക്കും. അങ്ങനെ തന്റെ മെസ്സേജ് ഭാര്യ വായിച്ചിട്ടുണ്ടെന്നും അവർ മനപ്പൂർവ്വം കള്ളം പറയുന്നതാണെന്നും ഭർത്താവിന് മനസിലാവുകയായിരുന്നു. ഈ ചതിക്ക് മൊഴിചൊല്ലലേ യുവാവ് മുന്നിൽ കണ്ടുള്ളൂ.

തന്നെയും കുഞ്ഞിനെയും ശ്രദ്ധിക്കാൻ അവൾക്ക് സമയമില്ലായിരുന്നു. സ്മാർട്ട് ഫോണിൽ തന്റെ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനും സൗഹൃദം പങ്കിടാനും മാത്രമാണ് അവൾ സമയം കണ്ടെത്തിയതെന്നും മുപ്പതുകാരനായ ഭർത്താവ് പറഞ്ഞു. താൻ ഈ പ്രശ്‌നം പരിഹരിക്കാൻ വളരെയധികം ശ്രമിച്ചെന്നും എന്നാൽ തന്റെ ഭാര്യയ്ക്ക് സ്മാർട്ട് ഫോണില്ലാതെ പറ്റാത്ത അവസ്ഥയാണെന്നും യുവാവ് പറഞ്ഞു.

കഴിഞ്ഞ ദിവസം വാട്ട്‌സ് ആപ്പിൽ ഭർത്താവ് അയച്ച മെസേജ് കണ്ടിട്ടും ഭാര്യ പ്രതികരിക്കാതിരുന്നതാണ് ഇയാളെ പ്രകോപിതനാക്കിയത്. എന്താണ് മറുപടി അയക്കാതിരുന്നതെന്ന ഭർത്താവിന്റെ ചോദ്യത്തിന് സുഹൃത്തുക്കളുമായി ചാറ്റ് ചെയ്തിരുന്നതിനാൽ സന്ദേശം കണ്ടില്ലെന്നായിരുന്നു മറുപടി. സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകൾ കാരണം വിവാഹമോചനം നേടുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

2011ൽ യു.കെയിൽ നടത്തിയ സർവ്വെയിൽ മുപ്പതോളം വിവാഹമോചനക്കേസുകളിലും ഫേസ്‌ബുക്ക് എന്ന വാക്ക് ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.