സൗദിയിൽ നൂറ് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കിയ മൊബൈൽ മേഖലയിലെ പരിശോധന തുടരുന്നു. പരിശോധന ഭയന്ന് ജിദ്ദ ഉൾപ്പെടുന്ന മേഖലയിലെ മൊബൈൽ മൊത്തക്കച്ചവട കേന്ദ്രങ്ങളിലെ അധിക കടകളും അടഞ്ഞുകിടക്കുകയാണ്. ഇങ്ങനെ പരിശോധന ഭയന്ന് പല കടകളും അടഞ്ഞുകിടക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയിരിക്കുകയാണ്.

എന്നാൽ നിയമവിധേയമായി 15 ദിവസങ്ങൾക്കകം കടകൾ തുറന്നില്ലെങ്കിൽ പ്രവർത്തനാനുമതി റദ്ദാക്കുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ഇതോടെ ഈ രംഗത്തുള്ള പതിനായിരക്കണക്കിനു മലയാളികളുടെ ഭാവിയെ ബാധിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

മൊബൈൽ കടകളിലെ സ്വദേശിവത്കരണ നിയമം സൗദിയിലെ പടിഞ്ഞാറൻ മേഖലയിലെ കച്ചവടക്കാരെയും സാരമായി ബാധിച്ചു.റമദാൻ ആരംഭിച്ചതു മുതൽ തന്നെ പടിഞ്ഞാറൻ മേഖലയിലെ പലയിടങ്ങളിലും ശക്തമായ പരിശോധനകൾ ആരംഭിച്ചിരുന്നു. പരിശോധന ഭയന്ന് പല കടകളും അടഞ്ഞുകിടക്കുകയാണ്.

മൊബൈൽ കടകളുടെ ലൈസൻസ് മറ്റു കടകളുടെ പേരിൽ മാറ്റാൻ അനുവാദമില്ല. കടകൾ സ്വദേശികൾക്ക് വിൽപ്പന നടത്താൻ തയ്യാറായാലും വാങ്ങാൻ ആളില്ല എന്നതും ഈ രംഗത്തുള്ളവരെ പ്രതിസന്ധിയിലാക്കുന്നു. ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും നൽകി സ്വദേശികളെ നിയമിച്ചവരും പ്രയാസത്തിലാണ്.