ലയാളികൾ ഉൾപ്പെടെയുള്ള നിരവധി പ്രവാസികളെ വെട്ടിലാക്കികൊണ്ട് നടപ്പിലാക്കിയ സൗദിയിലെ മൊബൈൽ രംഗത്തെ സ്വദേശിവത്കരണം വ്യവസ്ഥ പാലിക്കാനാകാതെ നിരവധി കടകൾ അടച്ച് പൂട്ടിയതായി റിപ്പോർട്ട്. 50 % സ്വദേശിവൽകരണം എന്ന വ്യവസ്ഥ പാലിക്കാനാകാതെ 20 ശതമാനത്തോളം മൊബൈൽ വിൽപന, സർവീസിങ് കേന്ദ്രങ്ങൾ അടച്ചതായാണ് റിപ്പോർട്ട്. ഈ മാസം ആറിനു വ്യവസ്ഥ പ്രാബല്യത്തിലായതോടെ പകുതിയോളം കടകളിൽ സൗദി സ്വദേശികളെ ജോലിക്കു നിയോഗിച്ചിട്ടുമുണ്ട്.

തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കടകളിൽ മിന്നൽ പരിശോധന നടത്തി വരുകയാണ്. . 50 % സ്വദേശിവൽകരണം പാലിക്കാത്ത കടകളിലെ വിദേശ തൊഴിലാളികളുടെ ഇഖാമ (താമസാനുമതി രേഖ) പിടിച്ചെടുക്കുന്നുണ്ട്.

സൗദികളുടെ സഹായത്തോടെ പ്രവാസികൾ ബെനാമിയായി നടത്തുന്ന കടകളും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. പരിശോധന കർശനമായി തുടരുമെന്നു മുന്നറിയിപ്പു നൽകി. പരിശോധനാവേളയിൽ ജീവനക്കാർ പുറത്തെവിടെയെങ്കിലും പോയതാണെന്നും മറ്റും പറഞ്ഞാൽ അംഗീകരിക്കില്ല. റിയാദിൽ മൊബൈൽ മൊത്തവിപണിയുടെ 95 ശതമാനവും കൈകാര്യം ചെയ്തു വന്നതു മലയാളികളടക്കമുള്ള പ്രവാസികളാണ്.

ഏറെ സ്ഥാപനങ്ങളും ബെനാമി രീതിയിലുള്ളവയാണ്. സൗദിവൽകരണം ശക്തമായതോടെ ആയിരക്കണക്കിനു പേർക്കാണു ജോലി നഷ്ടമായത്. ബെനാമി കടകൾ പലതും പൂട്ടി. പെട്ടെന്നു ജോലി മാറ്റം സാധിക്കാത്തവർ നാട്ടിലേക്കു മടങ്ങുകയാണ്. എട്ടാഴ്ചത്തെ പ്രത്യേക പരിശീലനത്തിനു ശേഷമാണു സൗദി സ്വദേശികൾ ജോലിയിൽ പ്രവേശിച്ചിരിക്കുന്നത്. പുതിയ ബാച്ച് യുവാക്കൾക്കു പരിശീലനവും ആരംഭിച്ചിട്ടുണ്ട്