റിയാദ്: സ്വദേശിവൽക്കരണം ലംഘിച്ച് ജോലി ചെയ്തതിന് എട്ട് വിദേശികളെ തൊഴിൽ മന്ത്രാലയം പിടികൂടി കൂടിയതായി റിപ്പോർട്ട്. റിയാദ് ബിൻ ഖാസിം ഹരാജിലെ മൊബൈൽ കടയിൽ നടത്തിയ റെയ്ഡിൽ തൊഴിൽ മന്ത്രാലയം അധികൃതരാണ് ഇവരെ പിടികൂടിയത്. മൊബൈൽ ഷോപ്പിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് മന്ത്രാലയം പരിശോധന നടത്തിയത്.

റെയ്ഡിൽ പിടികൂടിയവരെ തുടർനടപടികൾക്കായി പാസ്സ്പോർട്ട് വകുപ്പിന് കീഴിലുള്ള ഡിപോർട്ടേഷൻ സെന്ററിലേക്കു മാറ്റിയതായി തൊഴിൽ വകുപ്പ് അറിയിച്ചു.

ഈ പ്രദേശത്തുള്ള മുഴുവൻ മൊബൈൽ ഫോൺ ഷോപ്പുകളിലും കഴിഞ്ഞ ദിവസം അധികൃതർ പരിശോധന നടത്തി. ഇതോടെയാണ് ആറ് വിദേശികളെയും കസ്റ്റഡിയിലെടുത്തത്. പിടിയിലായ വിദേശികളും ഇവർക്ക് ജോലി നൽകിയ സ്ഥാപന ഉടമകളും നിയമ നടപടി നേരിടേണ്ടി വരും. തൊഴിൽ നിയമ ലംഘകരെ പിടികൂടുന്നതിന് ശക്തമായ റെയ്ഡുകൾ തുടരുമെന്നും നിയമ ലംഘകർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും റിയാദ് ലേബർ ഓഫിസ് വ്യക്തമാക്കി.