റിയാദ്: സൗദിഅറേബ്യയിലെ ജൂവലറികളിൽ സ്വദേശിവത്കരണം ശക്തമാക്കുന്നു. ഇതോടെ നിരവധി മലയാളികൾ തൊഴിൽ നഷ്ട ഭീതിയിലാണ്. സ്വദേശികൾക്ക് കടുതൽ തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന സ്വദേശിവൽക്കരണം കൂടുതൽ വ്യാപിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇപ്പോഴത്തെ നടപടി മൂലം 18,000 സ്വദേശികൾക്ക് തൊഴിലവസരം ലഭ്യമാകുമെന്ന് വിലയിരുത്തപ്പെടുന്നു. രണ്ടുമാസത്തിനകം ജൂവലറികളിൽ സ്വദേശിവത്കരണം നടപ്പാക്കാനാണ് തൊഴിൽ, സാമൂഹിക വികസനകാര്യ മന്ത്രാലയം ലക്ഷ്യംവെക്കുന്നത്.

ജൂവലറികളിലെ സ്വദേശിവത്കരണം സാമ്പത്തികമേഖലയിൽ അനുകൂലഫലങ്ങൾ സൃഷ്ടിക്കുമന്നാണ് വിലയിരുത്തപ്പെടുന്നത്. ചുരുങ്ങിയ കാലയളവിൽ 18,000 സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാൻ കഴിയുന്നതോടെ സാമ്പത്തികരംഗത്ത് അത് പ്രതിഫലിക്കുമെന്ന് സൗദി ഇക്കണോമിക് അസോസിയേഷൻ അംഗവും സാമ്പത്തികവിദഗ്ധനുമായ ഡോ. അബ്ദുല്ല അൽ മഗ്ലൂസ് പറഞ്ഞു.

ജനറൽ അഥോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക് പുറത്തുവിട്ട പുതിയ കണക്കുപ്രകാരം സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.8 ശതമാനമായി വർധിച്ചു. രാജ്യത്തെ നഗരങ്ങളിലെ ജൂവലറികളിൽ ജോലിചെയ്യുന്നവരിലേറെയും വിദേശികളാണ്. സ്വദേശിവത്കരണം കർശനമായി നടപ്പാക്കുന്നതോടെ ജൂവലറികളിലെ ബിനാമി ബിസിനസ് ഇല്ലാതാകുമെന്ന് വിലയിരുത്തപ്പെടുന്നു.

സൗദിയിൽ ആറായിരം ജൂവലറികളും 250 ആഭരണനിർമ്മാണ ഫാക്ടറികളുമാണുള്ളത്. ഇവിടങ്ങളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതോടെ ചെറുകിട ബിനാമി ജൂവലറികൾ ഇല്ലാതാകുമെന്നും ഡോ. അബ്ദുല്ല അൽമഗ്ലൂസ് പറഞ്ഞു.