ജിദ്ദ: സ്വന്തമായി ഓൺലൈൻ ടാക്സി സർവീസ് നടത്തുന്ന വിദേശികൾക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ രംഗത്ത്. പൊതുഗതാഗത മേഖലയിൽ നൂറു ശതമാനം സ്വദേശീവൽക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദേശികൾക്ക് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.

ഓൺലൈൻ ടാക്സികൾ വിമാനത്താവളങ്ങളിൽ നിന്ന് യാത്രക്കാരെ കയറ്റാൻ പാടില്ലെന്നും അധികൃതർ നിർദേശിച്ചു. യൂബർ, കരീം തുടങ്ങിയ ഓൺലൈൻ ടാക്സി സർവീസ് രംഗത്ത് വിദേശികൾ സ്വന്തം വാഹനം ഉപയോഗിച്ച് സർവീസ് നടത്തുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി.

അനധികൃതമായി ടാക്സി സർവീസ് നടത്തുന്ന വിദേശിക്ക് ആദ്യത്തെ തവണ അയ്യായിരം റിയാൽ പിഴ ചുമത്തും. കൂടാതെ നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് പിടിക്കപ്പെടുന്നവരെ നാടു കടത്താനും വകുപ്പുണ്ട്. സ്വദേശീവൽക്കരണ പദ്ധതി ആരംഭിച്ചതിനു ശേഷം ടാക്സി മേഖലയിൽ വിദേശികളുടെ എണ്ണം മുപ്പത് ശതമാനമായി കുറഞ്ഞിട്ടുണ്ട്. ടാക്സി സേവനങ്ങൾക്കായി സ്വന്തമായി മൊബൈൽ ആപ്പളിക്കേഷൻ തയ്യാറാക്കാനും ടാക്സികൾക്ക് വിവിധ മേഖലകളിൽ പ്രത്യേക പാർക്കിങ് എരിയകൾ സ്ഥാപിക്കാനും ഗതാഗത വകുപ്പിന് നീക്കമുണ്ട്.