റിയാദ്: സൗദിയിൽ ഇന്ധന വില വർദ്ധിക്കുമെന്ന് റിപ്പോർട്ട്. അടുത്ത വർഷം 30 ശതമാനം വരെ വില വർധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. അടുത്ത വ്യാഴാഴ്ച സൗദിയിൽ പുതുവർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് വില വർദ്ധിക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വന്നത്.

ബജറ്റ് കമ്മി പരിഹരിക്കുന്നതിനാണ് 30 ശതമാനം വരെ വില വർദ്ധനവ് നടപ്പിൽ വരുത്തുന്നത്. 2016 വർഷത്തിന്റെ ബജറ്റ് അവതരിപ്പിക്കുന്ന സമയത്ത് ഗ്രീൻ 91 വിഭാഗത്തിലുള്ള േെപട്രാളിന് 67 ശതമാനവും അതായത് 45 ഹലാല എന്നത് 75 ഹലാലയായും പെട്രോൾ റെഡ് 95 വിഭാഗത്തിലുള്ള പെട്രോളിന് 50 ശതമാനവും അതായത് 60 ഹലാലയിൽനിന്നും 90 ഹലാലയായും വർധിപ്പിച്ചിരുന്നു..

അതേസമയം പുതിയ ബജറ്റ് കമ്മി പരിഹരിക്കുന്നതിന് പുതിയ നികുതികൾ ഏർപ്പെടുത്തുക, വഖ്ഫ് സ്വത്തുക്കൾ ക്രിയാത്മകമാക്കുക, അടിസ്ഥാന സൗകര്യ പദ്ധതികൾ തുടർന്നു കൊണ്ട് പോവുക തുടങ്ങിയ നടപടികൾ സ്വീകരിക്കുവാൻ ഗവൺമെന്റ് ഒരുങ്ങിയേക്കും. അതോടൊപ്പം 20 ശതമാനം മുതൽ 50 ശതമാനം വരെ വൈദ്യുതി എണ്ണ നിരക്കുകൾ വർധിപ്പിക്കുക എന്നിവയും ഗവൺമെന്റ് ആലോചിക്കുന്നുണ്ട്.