റിയാദ്: ഉപഭോക്താക്കളുടെ ആരോഗൃത്തിന് ഹാനികരമാവുന്ന പ്ലാസ്റ്റിക് സ്പൂണുകൾക്ക് സൗദിയിൽ നിരോധനം. പ്ലാസ്റ്റിക് സ്പൂണുകൾ ചൂടുപാനീയങ്ങളിൽ ഉപയോഗിക്കുന്നതിനും ഭക്ഷണപദാർത്ഥങ്ങളിൽ ഉപയോഗിക്കുന്നതിനുമാണ് സൗദിയിലെ ഖമീസ് മുഷൈത്ത് മുനിസിപാലിറ്റി വിലക്ക് ഏർപ്പെടുത്തിയത്. മാരകമായ ആരോഗൃ പ്രശ്നം ഉണ്ടാവുമെന്ന റിപ്പോർട്ട് മുൻനിർത്തിയാണ് നിരോധനം. നിരോധനം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

നിർദ്ദേശം ഖമീസിൽ മാത്രമാണ് ബാധകമാക്കിയിട്ടുള്ളത്. സൗദിയുടെ മറ്റുഭാഗങ്ങളിലൊന്നും അധികൃതർ ഇത് സംബന്ധമായി നിബന്ധന പുറപ്പെടുവിച്ചിട്ടില്ല.പ്ളാസ്റ്റിക്കിനു പകരം തടികൊണ്ടുള്ള സ്പൂണുകളൊ സ്റ്റിക്കുകളൊ ഉപയോഗിക്കണമെന്ന് കഫേകൾക്കും ബൂഫിയകൾക്കും ഖമീസ് മുഷൈത്ത് മുനിസിപാലിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.

ഉപഭോക്താക്കളുടെ ആരോഗൃത്തിന് ഹാനികരമാവുന്ന നടപടി ഏത് വൃാപാര സ്ഥാപനങ്ങളിൽ നിന്നുണ്ടായാലും തക്കതായ ശിക്ഷ നൽകുമെന്ന് ഖമീസ് മുഷൈത്ത് മുനിസിപാലിറ്റി മുന്നറിയിപ്പ് നൽകി.