റിയാദ്: അമേരിക്കയിൽ അവധി ആഘോഷിക്കാൻ എത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അമേരിക്കൻ സന്ദർശനത്തിന്റെ പ്രൗഡി കണ്ട് കള്ളു തള്ളിയിരിക്കുകയാണ് ഹോളിവുഡ് ലോകം. ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള ആഡംബര ഹോട്ടലുകളിലൊന്നായ ലോസ് ആഞ്ചലസിലെ ഫോർ സീസൺസ് ഹോട്ടൽ മൊത്തത്തിൽ വാടകയ്‌ക്കെടുത്താണ് സൽമാൻ രാജകുമാരൻ ഹോളിവുഡിനെ പോലും ഞെട്ടിച്ചിരിക്കുന്നത്.

ഹോളിവുഡ് സിനിമകളിലും ടിവി പരിപാടികളിലും സ്ഥിരം പ്രത്യക്ഷപ്പെടാറുള്ള ഈ ഹോട്ടൽ ഹോലിവുഡ് താരങ്ങളുടേയും ഇഷ്ട കേന്ദ്രമാണ്. എന്നാൽ ചൊവ്വാഴ്ച മുതൽ ഇവിടെ മുറി ബുക്ക് ചെയ്യാൻ ശ്രമിച്ച ബ്രിട്ട്‌നി അടക്കമുള്ള ഹോളിവുഡ് താരങ്ങൾ പോലും ഞെട്ടി.

ഹോട്ടലിൽ ഒരു റൂം പോലും വേക്കന്റില്ലത്രേ. ആഡംബര റൂമിന് 10000 ഡോളർ വിലവരുന്ന ഹോട്ടലിന്റെ മുഴുവൻ മുറികളും ബുക്ക് ആയി എന്നറിഞ്ഞ താരങ്ങൾ ഞെട്ടി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഹോട്ടൽ മൊത്തത്തിൽ സൽമാൻ രാജകുമാരൻ ബുക്ക് ചെയ്തതായി അറിയുന്നത്. ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെയ്ക്കുമാണ് സൽമാൻ രാജകുമാരൻ ഹോട്ടൽ മുറികളെല്ലാം ബുക്ക് ചെയ്തിരിക്കുന്നത്.

16 നിലകളുള്ള അത്യാഡംബര ഹോട്ടലാണിത്. 285 വിശാലമായ സ്യൂട്ട് റൂമുകളുണ്ട്. 185 ഗസ്റ്റ് റൂമുകളും 100 ആഡംബര മുറികളുമുള്ള ഹോട്ടലിൽ ഒരു രാത്രിക്ക് ഏറ്റവും കുറഞ്ഞ നിരക്ക് 625 ഡോളറാണ്. സൗദിക്കാർ താമസിക്കുന്ന മുറികളുടെ വാടക ഒരു രാത്രിക്ക് 10000 ഡോളർ വരും. രാജകുമാരന്റെ സന്ദർശനത്തിന്റെ ഭാഗമായി ഹോട്ടലിലെ പല ബോർഡുകളും ഭാഷ മാറ്റിയിട്ടുണ്ട്.

മൊത്തമായി ഇംഗ്ലീഷിലുള്ള ബോർഡുകൾ മാറ്റി അറബി കൂടി ഉൾപ്പെടുത്തി. സൗദി സംഘത്തിന്റെ സൗകര്യം കണക്കിലെടുത്താണിത്. 10000 ഡോളർ നൽകി മുറികൾ സൗദി സംഘത്തിനായി ബുക്ക് ചെയ്‌തെങ്കിലും സൗദി രാജകുമാരൻ താമസിക്കുന്നത് ആവട്ടെ ഈ ഹോട്ടലിലുമല്ല. ഒരു സ്വകാര്യ വസതിയിലാണ് അദ്ദേഹത്തിന്റെ താമസം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഹോളിവുഡ് താരങ്ങളുടെയും അതിസമ്പന്നരുടെയും ഏറ്റവും പ്രിയപ്പെട്ട ഹോട്ടലാണിത്. അമേരിക്കയിലെ തന്നെ ഏറ്റവും വിലയേറിയ ഹോട്ടൽ. എംബിഎസിന്റെ
അമേരിക്കൻ സന്ദർശനത്തോടനുബന്ധിച്ച് വൻവാർത്താ പ്രാധാന്യമാണ് മാധ്യമങ്ങൾ നൽകുന്നത്.

അദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും ഒപ്പിയെടുക്കാനുള്ള മൽസരമാണ് നടക്കുന്നത്. അറബ് വേഷങ്ങൾ മാറ്റി കോട്ടും സൂട്ടും ധരിച്ചെത്തിയ എംബിഎസ മുൻ ന്യൂയോർക്ക് മേയറുമായി കോഫി ഷോപ്പിൽ സംസാരിച്ചിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്.