സൗദി ഭരണാധികാരി സൽമാൻ രാജാവ് പ്രഖാപിച്ച തടവുകാരെ മോചിപ്പിക്കുന്നതിനുള്ള ഉത്തരവ് ഇന്നലെ മുതൽ നടപ്പിലാക്കി തുടങ്ങി. ഇതിന്റെ ഭാഗമായി അൽബാഹ ജയിലിൽ നിന്ന് 50 തടവുകാർ മോചിതരായതായി. അൽഖസീം മേഖലയിൽ ഇന്ന് രണ്ട് പേരാണ് മോചിതരായത്. കൂടുതൽ തടവകാരുടെ മോചനം അടുത്ത ദിവസങ്ങളിലായി നടപ്പിലാക്കും.

ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ മാനദണ്ഡം പൂർത്തിയാക്കിയ ഏതാനും പേർ തബൂക്ക് മേഖലയിൽ മോചിതരായിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. എന്നാൽ തടവുകാരുടെ എണ്ണമോ വിശദാംശങ്ങളോ വ്യക്തമായിട്ടില്ല. ആദ്യ സംഘത്തിൽ വിദേശി തടവുകാർ ഉൾപ്പെടുന്നുണ്ടോ എന്നും പ്രാഥമിക റിപ്പോർട്ടുകളിൽ വ്യക്തമല്ല.

സൗദിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജയിൽമോചനമായിരിക്കും സൽമാൻ രാജാവിന്റെ പ്രഖ്യാപനത്തോടെ യാഥാർഥ്യമാവുക.അഞ്ച് ലക്ഷം റിയാൽ വരെ പിഴയുള്ളവർ ആനുകൂല്യത്തിൽ ഉൾപ്പെടുമെന്നതാണ് മോചിപ്പിക്കപ്പെടുന്ന തടവുകാരുടെ എണ്ണം വർധിക്കാൻ കാരണം. മുൻകാലങ്ങളിൽ നിശ്ചയിച്ചിരുന്ന സംഖ്യയെ അപേക്ഷിച്ച് വൻ ഇളവാണ് സൽമാൻ രാജാവ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് സ്വദേശികളും വിദേശികളുമായ നിരവധി തടവുകാർക്ക് ആശ്വാസമാകും.

14 കുറ്റകൃത്യങ്ങൾ രാജകാരുണ്യത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ലഘു കുറ്റകൃത്യങ്ങളുടെ പേരിൽ ശിക്ഷിക്കപ്പെട്ടവർക്കാണ് രാജാവിന്റെ പ്രത്യേക ഉത്തരവനുസരിച്ച് മോചിതരാവുക. അടി, തടവ് ശിക്ഷ, 5 ലക്ഷം റിയാൽവരെ പിഴ തുടങ്ങിയ ശിക്ഷകൾ അനുഭവിക്കുന്ന തടവുകാർക്കാണ് രാജകാരുണ്യത്തിന്റെ പ്രയോജനം ലഭിക്കുക.

മനപ്പൂർവ്വം നടത്തിയ വധം, മയക്കുമരുന്ന് കടത്ത്, രണ്ടും അതിലേറെയും തവണകൾ മയക്കുമരുന്ന് കടത്ത്, ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഉപയോഗിക്കൽ, കള്ളപ്പണം, മാനഭംഗം, തട്ടി ക്കൊണ്ടുപോകൽ, കവർച്ച തുടങ്ങിയ കേസിൽ പെട്ടവർക്ക് ഇളവ് ലഭിക്കില്ല. സുരക്ഷാ വിഭാഗങ്ങൾക്കെതിരെയുള്ള അക്രമം, വെടിവെപ്പ്, രണ്ടോ അതിലബ്ലിലമോ പേർ ചേർന്ന് നടത്തിയ കൊള്ള, രാജ്യസുരക്ഷയെ ബാധിക്കുന്ന വിധത്തിലുള്ള കുററകൃത്യങ്ങൾ, കള്ളനോട്ട് നിർമ്മാണം, സർക്കാർ വകുപ്പുകളുടെയോ പണമിടപാട് സ്ഥാപനങ്ങളുടെയോ കോടതി, രജിസ്ട്രാർ ഓഫീസുകളുടെയോ പേരിലുള്ള വ്യാജ സീലുകൾ നിർമ്മിച്ചതിനും ശിക്ഷ അനുഭവിക്കുന്നവർക്കും പുറത്തിറങ്ങാൻ സാധിക്കില്ല.

പൊതുമാപ്പിൽ വിട്ടയക്കുന്ന വിദേശികളെ വിരലടയാളം രേഖപ്പെടുത്തി വേണം മോചിപ്പിക്കാൻ. ഇവർ വീണ്ടും സൗദിയിൽ പ്രവേശിക്കാതിരിക്കാൻ  പേരുകൾ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആഭ്യന്തര മന്ത്രലായം നിർദേശിച്ചിട്ടുണ്ട്.