റിയാദ്: ഏതാനും ദിവസം മുമ്പ് പ്രാബല്യത്തിൽ വന്ന തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾക്ക് കൂടുതൽ സംരക്ഷണം ഉറപ്പ് വരുത്തുകയും റിക്രൂട്ടിങ് കമ്പനികൾക്ക് കൂടുതൽ അധികാരങ്ങൾ നൽകുകയും ചെയ്യുന്ന പുതിയ തൊഴിൽ നിയമാവലിക്ക് അനുസൃതമായി റിക്രൂട്ട്‌മെന്റ് നടത്തണമെന്ന് സൗദി തൊഴിൽ മന്ത്രാലയ നിർദ്ദേശം. ഈ നിർദ്ദേശം സ്ഥാപനങ്ങൾക്കും റിക്രൂട്ടിങ് കമ്പനികൾക്കും അയച്ചു.

നിയമാവലിയിലെ ഭേതഗതികൾക്കനുസരിച്ച് തൊഴിൽ കരാറിൽ മാറ്റം വരുത്തണം. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന റിക്രൂട്ടിങ് കമ്പനികളുടെ അധികാരത്തിൽ കാതലായ മാറ്റം വരുത്തി കൊണ്ടാണ് പുതിയ നിയമാവലി തയ്യാറാക്കിയിരിക്കുന്നത്. വീട്ടുവേലക്കാരികളെ മറ്റു സ്പോൺസർമാർക്ക് കൈമാറുന്ന മേഖലയിൽ പ്രവർത്തിക്കാൻ റിക്രൂട്ടിങ് കമ്പനികൾക്ക് സാധിക്കും എന്നാതാണ് പുതിയ ഭേതഗതിയുടെ പ്രത്യേകത.

നിയമാനുസൃതമായി മാത്രമേ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ പാടുള്ളൂ. അനധികൃത റിക്രൂട്ട്മെന്റും നിയമവിരുദ്ധമായി ഗാർഹിക തൊഴിലാളികളെ കൈമാറുന്നതും ശിക്ഷാർഹമാണ്. വേലക്കാരികൾക്കുള്ള ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകേണ്ട ഉത്തരവാദിത്തം റിക്രൂട്ടിങ് കമ്പനികൾക്കായിരിക്കും. ഇതുൾപ്പെടെ അമ്പതോളം ഭേതഗതികൾ ആണ് പുതിയ നിയമത്തിൽ ഉള്ളത്.

പുതിയ നിയമം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ മാൻപവർ സപ്ലൈ കമ്പനികളിൽ മന്ത്രാലയം പരിശോധന നടത്തും. ഇതു സംബന്ധമായ നിയമ ലംഘനം കണ്ടെത്തിയാൽ തൊഴിൽ മന്ത്രാലയത്തിന്റെ മുസാനിദ് വെബ്സൈറ്റ് വഴിയോ 19911 എന്ന നമ്പരിൽ വിളിച്ചോ പരാതി പറയണമെന്ന് മന്ത്രാലയം പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു.