വിദേശികൾ ഏറെയുള്ള മേഖലകളിലൊന്നായ റെന്റ് എ കാർ മേഖല ഈ മാസം 18 മുതൽ പൂർണമായും സ്വദേശിവത്കരണത്തിന്റെ പിടിയിലാകുന്നതോടെ നിരവധി പേർ തൊഴിൽനഷ്ട ഭീഷണിയിലാണ്. സ്വദേശി വത്കരണത്തിന് പത്ത് ദിവസം ബാക്കി നിൽക്കെ സൗദി തൊഴിൽ മന്ത്രാലയം വിവിധ ശാഖകൾക്ക് സർക്കുലർ അയച്ചു തുടങ്ങി.

കൂടാതെ സ്വദേശിവത്കരണത്തിന് മുന്നോടിയായുള്ള മുന്നറിയിപ്പ് പരിശോധന സ്ഥാപനങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. മാർച്ച് 18 മുതലാണ് സ്വദേശിവത്കരണം പ്രാബല്യത്തിൽ വരിക.സ്വദേശികൾക്ക് സംവരണം ഏർപ്പെടുത്തിയ ജോലികളിൽ വിദേശികളെ നിയമിച്ചാൽ നിയമം അനുശാസിക്കുന്ന പിഴയും ശിക്ഷയും ലഭിക്കുമെന്ന് മന്ത്രാലയം സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

ഈ വിവരം നേരിട്ട് അറിയിക്കാനും അവസ്ഥ ശരിപ്പെടുത്താനുള്ള മുന്നറിയിപ്പിന്റെയും ഭാഗമായി സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനയും സന്ദർശനവുമാണ് ഇപ്പോൾ ആരംഭിച്ചത്.നിയമലംഘകരുടെ എണ്ണത്തിനനുസരിച്ച് പിഴയും ശിക്ഷയും ഇരട്ടിക്കും. കുറ്റം ആവർത്തിച്ചാലും ഇരട്ടി പിഴയും ശിക്ഷയുമാണ് നൽകുക എന്നും മന്ത്രാലയത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.