സൗദിയിൽ ഇന്റർനെറ്റ് കോളുകൾക്കും വീഡിയോ കോളുകൾക്കും നിരോധനം ഏർപ്പെടുത്താൻ സൗദി ടെലികോം അഥോറിറ്റി ആലോചിക്കുന്നതായി റിപ്പോർട്ട്. മലയാളികൾ ഉൾപ്പെട്ട പ്രവാസി സമൂഹത്തിന് തിരിച്ചടിയാകുന്ന തീരുമാനം മൊബൈൽ ഫോൺ സേവന കമ്പനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണെന്നാണ് സൂചന.നേരത്തെതന്നെ സൗദിയിൽ വാട്സാപ് കോളുകൾക്ക് വിലക്കുണ്ട്. എന്നാൽ അതിനൊപ്പം ഐഎംഒ പോലെ ഇന്റർനെറ്റ് ഉപയോഗിച്ചുള്ള മറ്റ് സൗജന്യ ടെലിഫോൺ, വീഡിയോകോളുകൾക്കുള്ള സൗകര്യങ്ങളും നിരോധിക്കാനാണ് നീക്കം.

സൗദി ടെലികോം അതോറ്റിയെ ഉദ്ധരിച്ച് സൗദിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു പ്രമുഖ പത്രമാണ് ഇങ്ങനെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്ഇത്തരം സൗജന്യ സേവനങ്ങൾ സൗദിയിൽ അനുവദിക്കുന്നത് നിയമത്തിന് എതിരാണെന്ന് സൗദി ടെലികോം അഥോറിറ്റി സൂചിപ്പിച്ചു.

ഇത്തരം സേവനങ്ങൾ അനുവദിക്കുന്നതിന് ആഗോളതലത്തിലുള്ള കമ്പനികൾക്ക് സൗദിയിൽ അനുവാദം നൽകിയിട്ടില്ല. കമ്പനികൾ അനധികൃതമായി ഫോൺ, വീഡിയോ കോൾ സേവനം ചെയ്യുന്നതിനെതിരെ സൗദിയിലെ മൊബൈൽ ഫോൺ സേവന കമ്പനികൾ സൗദി ടെലികോം അഥോറിറ്റിക്ക് പരാതി നൽകിയിട്ടുണ്ട്.

അതേസമയം സൗദി ടെലികോം അഥോറിറ്റിയുടെ നീക്കത്തിനെതിരെ സ്വദേശികളും വിദേശികളും കടുത്ത പ്രതിഷേധമറിയിച്ചിട്ടുണ്ട്. ഈ വക സേവനങ്ങൾ സൗജന്യമല്ലെന്നും ഇന്റർനെറ്റ് വഴിയാണെന്നും ഇന്റർനെറ്റിന് ഫീസ് നൽകുന്നുണ്ടെന്നുമാണ് നിരോധനത്തെ എതിർക്കുന്നവരുടെ വാദം.