റിയാദ്: അടുത്ത ഞായറാഴ്ച മുതൽ മൂന്ന് പ്രവിശ്യകളിലെ പ്രധാന ഹൈവേകളിൽ ഓട്ടോമാറ്റിക് കാമറ സംവിധാനം പ്രവർത്തിച്ചു തുടങ്ങുന്നു.സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിക്കുകയും ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുകയും ചെയ്യുന്നവരെ ഈ ക്യാമറ പ്രവർത്തിക്കുന്നതോടെ പിടികൂടും.

പ്രധാന നഗരങ്ങളിൽ ഓട്ടോമാറ്റിക് കാമറകൾ ഈ വർഷം മാർച്ചിൽ സ്ഥാപിച്ചിരുന്നു. ഇത് വിജയകരമാണെന്ന് കണ്ടതോടെയാണ് കൂടുതൽ പ്രവിശകളിലേക്ക് വ്യാപിപ്പിക്കുന്നതെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്തവരുടെ ചിത്രങ്ങൾ റോഡരുകിൽ സ്ഥാപിച്ചിട്ടുള്ള കാമറകൾ പകർത്തും.

ട്രാഫിക് കൺട്രാൾ റൂമിലെത്തുന്ന ചിത്രങ്ങൾ പരിശോധിച്ച് പിഴ ചുമത്തുകയാണ് പതിവ്. ഡ്രൈവിംഗിനിടെ കൈയിൽ പിടിച്ച് മൊബൈൽ ഫോണിൽ സംസാരിക്കുന്നതും പാനീയം, ലഘു ഭക്ഷണം എന്നിവ കഴിക്കുന്നതും നിയമ ലംഘനമാണ്. അതുകൊണ്ടുതന്നെ ഇത്തരക്കാരുടെ ചിത്രവും കാമറ പകർത്തും.

റിയാദ്, മക്ക, മദീന എന്നീ പ്രവിശ്യകളിലെ ഹൈവേകളിൽ ഞായറാഴ്ച മുതൽ കാമറ സംവിധാനം നിലവിൽ വരും. റോഡു സുരക്ഷ ഉറപ്പു വരുത്തുന്നതിനും വാഹനാപകടങ്ങൾ കുറക്കുന്നതിനുമാണ് പുതിയ കാമറ സംവിധാനം വ്യാപിപ്പിക്കുന്നതെന്ന് ട്രാഫിക് പൊലീസ് വ്യക്തമാക്കി.ഗതാഗത നിയമലംഘനം കണ്ടെത്തുന്നതിന് സാഹിർ എന്ന പേരിൽ രാജ്യവ്യാപകമായി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അതിന് പുറമെയാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്.