സൗദി അറേബ്യയിലെ വിദേശികളുടെ കുടുംബാംഗങ്ങൾക്ക് ഏർപ്പെടുത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ച ഫീസ് ഇന്ന് മുതൽ നിലവിൽ വരും. വിദേശികളുടെ ആശ്രിതരായി രാജ്യത്ത് കഴിയുന്ന ഓരോരുത്തർക്കും വർഷത്തിൽ ആയിരത്തി ഇരുനൂറ് റിയാലാണ് ഫീസ് നൽകേണ്ടത്. ഒരാൾക്ക് പ്രതിമാസം നൂറ് റിയാലാണ് ഫീസായി നൽകേണ്ടത്. അതേ സമയം ഫീസ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ചില അവ്യക്തകൾ ഇപ്പോഴും തുടരുന്നുണ്ട്.

എണ്ണ ഇതര വരുമാന സ്രോതസുകൾ കണ്ടെത്തുന്നതിനും സ്വദേശിവൽക്കരണം പ്രോൽസാഹിപ്പിക്കാനും ലക്ഷ്യമിട്ട് കഴിഞ്ഞ ബജറ്റിലാണ് വിദേശികൾക്ക് സൗദി അറേബ്യ ലെവി പ്രഖ്യാപിച്ചത്.താമസ രേഖയായ ഇഖാമ പുതുക്കുമ്പോൾ ഒരു വർഷത്തേക്ക് ഒരുമിച്ചാണ് ഫീസ് നൽകേണ്ടത്.

ഇപ്പോൾ പ്രതിമാസം നൂറ് റിയാൽ ഇടാക്കുന്ന ഫീസ് 2018 ജനുവരി മുതൽ? ഓരോ മാസവും 200 റിയാലും 2019 മുതൽ 300 റിയാലും ആയി വർദ്ധിക്കുമെന്ന് ധനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. 2020ൽ പ്രതിമാസം നാനൂറ് റിയാലാണ് ഫീസ് നൽകേണ്ടത്. ആശ്രിതർക്ക് സർക്കാർ ചുമത്തുന്ന ഫീസ് ജോലിക്കാരുടെ വേതനത്തിൽ നിന്ന് പിടിക്കുമെന്ന് പല സ്വകാര്യ
കമ്പനികളും ഇതിനകം സർക്കുലർ ഇറക്കിയിട്ടുണ്ട്.

അടുത്ത വർഷം മുതൽ വിദേശ തൊഴിലാളികൾക്കും ഫീസ് ഏർപ്പെടുത്താൻ സൗദി തീരുമാനി ച്ചിട്ടുണ്ട്. സ്വദേശികളെക്കാൾ കൂടുതൽ വിദേശികളുള്ള സ്ഥാപനങ്ങൾ ഒരോ വിദേശ തൊഴിലാളിക്കും 400 റിയാലും സ്വദേശികളേക്കാൾ വിദേശികൾ കുറവുള്ള സ്ഥാപനങ്ങൾ 300 റിയാലും വീതം മാസത്തിൽ അധിക ഫീസ് നൽകണം. 2020 ൽ ഇത് യഥാക്രമം 800 റിയാലും 700 റിയാലുമായി വർദ്ധിക്കും. എണ്ണ ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫീസ് ഏർപ്പെടുത്തിയത്.