പുതുവർഷം സൗദിയിലെ പ്രവാസികൾക്ക് ഏറെ ചിലവേറിയതാണെന്ന് വേണം പറയാൻ. വിദേശികൾക്ക് ഏർപ്പെടുത്തി ഫീസും ലെവിയും ഒക്കെ കീശ കാലിയാക്കുന്നതിന് പിന്നാലെ ചില പ്രത്യേക ഉത്ര്പന്നങ്ങളുടെ വിലയും ഉയരുമെന്ന് ഉറപ്പായി.സൗദിയിലും ഇതര ഗൾഫ് രാജ്യങ്ങളിലും നടപ്പാക്കുന്ന പ്രത്യേക ഇനങ്ങൾക്കുള്ള ടാക്‌സ് ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുമെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അൽജദ്ആൻ വ്യക്തമാക്കിയതോടെ പുകവലിക്കാരുടെ കീശകാലിയാകുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്.

പുകയില ഉൽപന്നങ്ങൾ, പവർ ഡ്രിങ്ക്‌സ്, കാർബണഡ് ശീതള പാനീയങ്ങൾ എന്നിവക്കാണ്  ടാക്‌സ് ബാധകമാവുക. 50 മുതൽ 100 ശതമാനം വരെ ഏർപ്പെടുത്തുന്ന ടാക്‌സ് നിലവിൽ വരുന്നതോടെ ഇത്തരം ഉൽപന്നങ്ങളുടെ വില ഇരട്ടിയായി വർധിക്കും.

2017ലേക്കുള്ള ബജറ്റ് പ്രഖ്യാപനത്തോടെ ടാക്‌സ് നിലവിൽ വന്നതായി അടിസ്ഥാന രഹിതമായ വാർത്ത പ്രചരിക്കുകയും ചെറുകിട കച്ചവടക്കാർ സിഗററ്റിനും പവർ ഡ്രിങ്ക്‌സിനും വില കൂട്ടുകയും ചെയ്ത സാഹചര്യത്തിലാണ് ധനകാര്യ മന്ത്രിയുടെ വിശദീകരണം.മാത്രമല്ല ജി.സി.സി രാജ്യങ്ങളിൽ നടപ്പാക്കുന്ന വാറ്റ് 2018 മുതൽ നിലവിൽ വരുമെന്നനും വ്യക്തമാക്കിയിട്ടുണ്ട്.