റിയാദ്: വിസാ ഫീസ് വർധിപ്പിച്ച നടപടിയിൽ പുനഃപരിശോധന നടത്തിയേക്കുമെന്ന് സൗദി കൊമേഴ്‌സ് മിനിസ്റ്റർ. രാജ്യത്ത് നിക്ഷേപം വൻ തോതിൽ കുറയുമെന്നും കനത്ത വിസാ ഫീസ് വർധന നിക്ഷേപകരെ രാജ്യത്തു നിന്ന് അകറ്റുമെന്ന് വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ പുനഃപരിശോധന നടത്തിയേക്കുമെന്ന് മന്ത്രി മജീദ് ബിൻ അബ്ദുള്ള അൽ ഖസാബി വ്യക്തമാക്കിയത്.

വിസാ ഫീസ് വർധിപ്പിച്ച നടപടി വിവാദമാകുകയും ഏറെ വിമർശനങ്ങൾക്കു കാരണമാകുകയും ചെയ്ത സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം വന്നിട്ടുള്ളത്. മറ്റു രാജ്യങ്ങളുമായി ഉഭയകക്ഷി കരാറിൽ ഏർപ്പെടുമെന്നും ചർച്ചകൾ വിജയകരമായാൽ ഉയർന്ന ഫീസ് നടപ്പാക്കില്ലെന്നുമാണ് മന്ത്രി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

കഴിഞ്ഞ മാസമാണ് വിസ ഫീസ് വർദ്ധിപ്പിച്ചത്. എണ്ണവില 51 ശതമാനത്തിലേറെ കുറഞ്ഞ പശ്ചാത്തലത്തിൽ വരുമാന വർദ്ധന ലക്ഷ്യമിട്ടായിരുന്നു നടപടി. യൂറോപ്യൻ യൂണിയനിലും അമേരിക്കയിലും നിന്നുള്ളവർക്ക് ഉയർന്ന ഫീസ് ബാധകമായിരുന്നില്ല. എന്നാൽ മറ്റ് രാജ്യങ്ങളിൽ നിന്നുളവർക്ക് ആറ് മാസത്തെ ബിസിനസ് -സന്ദർശക വീസകൾക്ക് 3000 റിയാൽ ആക്കി ഉയർത്തിക്കൊണ്ടായിരുന്നു പ്രഖ്യാപനം. മൾട്ടിപ്പിൾ എൻട്രി അനുവദനീയമാണെങ്കിലും നേരത്തെ ഇത് വെറും നാനൂറ് റിയാൽ മാത്രമായിരുന്നു.