സൗദിയിൽ ടാക്‌സി വാഹനങ്ങൾ ഓടിക്കുന്നതിനുള്ള നിയമങ്ങൾ ശക്തമാക്കുന്നു. നിയമങ്ങൾ പാലിക്കാത്ത ടാക്‌സികൾക്കെതിരെ സൗദി പൊതു ഗതാഗത വകുപ്പ് പിഴ ഈടാക്കി തുടങ്ങി. മീറ്ററുകൾ സ്ഥാപിക്കാത്ത ടാക്‌സികൾക്ക് അയ്യായിരം റിയാലാണ് പിഴ. യൂണിഫോം ധരിക്കാത്തവർക്ക് അഞ്ഞൂറ് റിയാലും ഈടാക്കുന്നുണ്ട്.

ടാക്‌സികൾ സഞ്ചരിക്കുന്ന ദൂരം കാണിക്കാന് നിർബന്ധമായും മീറ്റർ ഘടിപ്പിച്ചിരിക്കണം. നിയമം പാലിക്കാത്തവർക്ക് അയ്യായിരം റിയാലാണ് പിഴ. കഴുകാത്ത വാഹനങ്ങൾക്കും വൃത്തിയില്ലാത്ത വാഹനങ്ങൾക്കും അയ്യായിരം തന്നെ പിഴ നൽകണം. ടാക്‌സിയാണാങ്കിൽ ഇത് കാണിക്കുന്ന ബോർഡ് നിർബന്ധമായും വാഹനത്തിന് മുകളിലുണ്ടാകണം. വാഹനത്തിനകത്ത് കമ്പനിയുടെ രേഖകൾ പ്രദർശിപ്പിക്കാതിരുന്നാൽ 800 റിയാലാണ് പിഴ.

ഫസ്റ്റ് എയ്ഡ് കിറ്റ്, തീയണക്കാനുള്ള ഉപകരണം, ഹസാർഡ് ട്രയാങ്കിൾ എന്നിവ ഇല്ലാത്ത ടാക്‌സികൽക്ക് 500 റിയാലാണ്് പിഴ. ലൈസൻസില്ലാതെ വാഹനമോട്ടിയാൽ അയ്യായിരം റിയാൽ പിഴ അടക്കേണ്ടി വരും. നിയമ ലംഘനം ഗുരുതരമാണെങ്കിൽ വാഹനം പിടിച്ചെടുത്ത് ഡ്രൈവറെ നാടുകടത്തുമെന്നും പൊതുഗതാഗത വിഭാഗം മുന്നറിയിപ്പ് നൽകി. നിയമ ലംഘനം പരിശോധിക്കാൻ വരും ദിവസങ്ങളിൽ പരിശോധനയുണ്ടാകും.

ഓൺലൈൻ ടാക്‌സി കമ്പനികൾക്കും ഈ നിർദേശങ്ങളിൽ ഭൂരിഭാഗവും ബാധകമാണ്. ഓൺലൈൻ ടാക്‌സികളിൽ സൗദികൾ ആയിരിക്കണമെന്ന നിബന്ധന പല കമ്പനികളും പാലിക്കുന്നില്ലെന്ന് പൊതു ഗതാഗത വകുപ്പ് ചൂണ്ടിക്കാട്ടി. അനുമതി ഇല്ലാതെ ഓൺലൈൻ ടാക്‌സികൾ ഓടിക്കുന്ന വിദേശികൾക്ക് അയ്യായിരം റിയാൽ പിഴ ചുമത്തും. വിദേശ ഡ്രൈവർമാരെ ജോലിക്ക് വെക്കുന്ന ഓൺലൈൻ ടാക്‌സി കമ്പനികൾക്കെതിരെയും നടപടി സ്വീകരിക്കും. നിയമലംഘകർക്കെതിരെ ലൈസൻസ് റദ്ദ് ചെയ്യൽ, നാടു കടത്തൽ തുടങ്ങിയ ശിക്ഷാ നടപടികളും സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.