ഭീകരവാദത്തിന്റെ പേരിൽ പിടിയിലായി സൗദിയിലെ ജയിലിൽ കഴിയുന്ന 5,000 ത്തിലേറെ പേരിൽ ഇന്ത്യക്കാരും. 19 ഇന്ത്യക്കാരാണ് അഞ്ച് പ്രത്യേക ഇന്റലിജൻസ് ജയിലുകളിലായി കഴിയുന്നതെന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്.

മൊത്തം 40 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവരാണ് തടവിലുള്ളത്. പ്രത്യേക ക്രിമിനൽ കോടതി കുറ്റക്കാരെന്ന് വിധിച്ചവരും വിചാരണ തടവുകാരും ഇതിലുണ്ട്. ചിലരുടെ കേസ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പരിഗണനയിലുമാണ്. സൗദി പൗരന്മാരാണ് ഇതിൽ ഏറ്റവുമധികം -4254 പേർ. തൊട്ടുപിന്നിൽ യമനികളാണ്- 282. 218 സിറിയക്കാരും തടവിലുണ്ട്. മൂന്നു അമേരിക്കക്കാരും ഫ്രാൻസ്, ബെൽജിയം, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ആൾ വീതവും പിടിയിലായിട്ടുണ്ട്.

പാക്കിസ്ഥാൻ (68), ഈജിപ്ത് (57), സുഡാൻ (29), ഫലസ്തീൻ (21), ജോർഡൻ (19), അഫ്ഗാനിസ്താൻ (7), സോമാലിയ (7), ഇറാൻ (6), ഇറാഖ് (5), തുർക്കി (4), ബംഗ്‌ളാദേശ് (4), ഫിലിപ്പീൻസ് (3), ലെബനാൻ (3), മൊറോക്കോ (2), മൗറിത്താനിയ (2), യു.എ.ഇ (2), ബഹ്‌റൈൻ (10), ഖത്തർ (2), ലിബിയ (1), അൾജീരിയ (1), ചൈന (1), കിർഗിസ്താൻ (1) തുടങ്ങിയ രാജ്യക്കാരും ജയിലിലുണ്ട്.

ഇതിൽ ഏറെപ്പേരും അപ്പീൽ കോടതി ജയിൽവാസ കാലാവധി നീട്ടിയവരോ വിചാരണത്തടവുകാരോ ആണ്. ചിലരെ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ആൻഡ് പബ്ലിക് പ്രോസിക്യൂഷൻ ചോദ്യംചെയ്തു വരുന്നു. പ്രതികളെന്നു സംശയിക്കുന്നവർക്കു കുടുംബാംഗങ്ങളുമായി സംവദിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ കമ്യൂണിക്കേഷൻ പോർട്ടൽ (തവാസുൽ) വഴി സൗകര്യമൊരുക്കിയിട്ടുണ്ട്