സ്ത്രീകൾ വാഹനം ഓടിക്കരുതെന്ന കർശന നിയമമുള്ള സൗദിയിൽ വാഹനമോടിച്ച സ്ത്രീകൾ വീണ്ടും വാർത്തകളിൽ നിറയുന്നു. രാജ്യത്ത് വാഹനമോടിക്കുന്നതിന് കനത്ത എതിർപ്പുകൾ നില്ക്കുന്നതിനിടെയാണ് വാഹനമോടിച്ചതിന് അറസ്റ്റിലായവരെ തീവ്രവാദ കേസുകൾക്ക് വേണ്ടിയുള്ള കോടതിയിൽ വിചാരണ ചെയ്യുന്നതാണ് വീണ്ടും ചർച്ചയാകുന്നത്.
 
വാഹനമോടിച്ചതിനേക്കാൾ ഉപരി സോഷ്യൽ മീഡിയയിൽ കേസുമായി ബന്ധപ്പെട്ട് നടത്തിയ ചില പരാമർശങ്ങളെ തുടർന്നാണ് ഇവരെ വിചാരണ ചെയ്യുന്നത്. കേസിന്റെ വിചാരണ തീവ്രവാദ കേസുകൾ കൈകാര്യം ചെയ്യാൻ രൂപവത്കരിച്ച റിയാദിലെ ക്രിമിനൽ കോടതിയിൽ നിന്ന് മാറ്റണമെന്ന് പ്രതികളുടെ അഭിഭാഷകർ ആവശ്യപ്പെട്ടിട്ടുണ്ട്.

യു.എ.ഇയിലേയ്ക്ക് കാർ ഓടിച്ച ലൗജെയ്ൻ(25), ഇവർക്ക് പിന്തുണ പ്രഖ്യാപിച്ച് കാർ ഓടിച്ച മാദ്ധ്യമപ്രവർത്തക കൂടിയായ മായ്‌സ അൽ അമൗദി (33) എന്നിവരാണ് ഇപ്പോൾ കോടതിയിൽ വിചാരണ ചെയ്യുന്നത്. സ്ത്രീകൾ വാഹനം ഓടിക്കരുതെന്ന രാജ്യത്ത് നിലവിലുള്ള നിയമം ലംഘിച്ചതിനല്ല മറിച്ച് ഇതു സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ അഭിപ്രായപ്രകടനം നടത്തിയതിനാണ് ഇവരെ വിചാരണ ചെയ്യുന്നതെന്ന്
ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.