റിയാദ്: റൊട്ടിക്കും ധാന്യങ്ങൾക്കുമുള്ള സബ്‌സിഡി പിൻവലിക്കുമെന്ന പ്രചാരണം തെറ്റാണെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം വെളിപ്പെടുത്തി. നിലവിലുള്ള രീതിയിൽ തന്നെ റൊട്ടിക്കും ധാന്യങ്ങൾക്കുമുള്ള സബ്‌സിഡി തുടരുമെന്നും അവ നിർത്തലാക്കാൻ പദ്ധതിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം റൊട്ടിയുടെ വിലയിലോ തൂക്കത്തിലോ കച്ചവടക്കാർ മാറ്റം വരുത്തി വിൽക്കുകയാണെങ്കിൽ അവർ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അരി കൂടാതെ സൗദി സ്വദേശികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഭക്ഷ്യോത്പന്നമാണ് ബ്രെഡ്. ബ്രെഡ് ഉപയോഗത്തിലും സൗദികൾ തന്നെയാണ് ലോകത്തിൽ തന്നെ മുമ്പന്തിയിൽ നിൽക്കുന്നത്. സൗദികളുടെ ആഹാരപദാർഥങ്ങളിൽ മുമ്പന്തിയിൽ തന്നെയുള്ള ബ്രെഡിന്റെ സബ്‌സിഡി എടുത്തു കളയുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് പറഞ്ഞ മന്ത്രാലയങ്ങൾ ഇതുവരെ തുടർന്ന് വന്ന നിരക്കിനു തന്നെ റൊട്ടിയും മൈദയും വില്ക്കണമെന്ന് കച്ചവടക്കാർക്ക് നിർദ്ദേശം നല്കി. ഉപഭോക്താക്കള്ക്ക് നല്കി വരുന്ന റൊട്ടിയുടെ എണ്ണത്തിലോ തൂക്കതിലോ കുറവ് വരുത്താൻ പാടില്ല. ഇത് പാലിക്കാത്ത കച്ചവടക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയങ്ങൾ മുന്നറിയിപ്പ് നൽകി. പിടിക്കപ്പെടുന്ന വ്യാപാരികൾക്ക് അഞ്ഞൂറു മുതൽ മൂവായിരം വരെ റിയാൽ പിഴ ചുമത്തും. കുറ്റം ആവർത്തിച്ചാൽ പിഴസംഖ്യ കൂടും.

മാത്രമല്ല റൊട്ടി പാഴാക്കിക്കളയുന്ന കച്ചവടക്കാർക്കും പിഴ ചുമത്താൻ നേരത്തെ മന്ത്രി സഭ തീരുമാനിച്ചിരുന്നു. കുറഞ്ഞ നിരക്കിൽ റൊട്ടി ഉപഭോക്താക്കളിൽ എത്തിക്കുന്നതിനായി സർക്കാൻ വലിയ സബ്‌സിഡിയാണ് നൽകി വരുന്നത്. അതുകൊണ്ടു തന്നെ റൊട്ടിയുടെ ഉപയോഗത്തിൽ ശ്രദ്ധപതിപ്പിക്കണമെന്ന് നേരത്തെ സർക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സബ്‌സിഡി എടുത്തുകളയുമെന്ന് പ്രചരിപ്പിച്ചു പല കച്ചവടക്കാരും റൊട്ടിയുടെ എണ്ണമോ തൂക്കമോ കുറച്ചിരുന്നു. ഇതിനെതിരെ മുന്നറിയിപ്പ് നല്കിയ മന്ത്രാലയം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കിയുട്ടുമുണ്ട്.